വെഞ്ഞാറമൂട്: ആരോഗ്യ വകുപ്പിന് പിന്തുണയുമായി വെഞ്ഞാറമൂട് മേഖലയിൽ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മുസ്ലിം അസോസിയേഷൻ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലുകളെ 60 ബെഡുകളുള്ള ഐസൊലേഷൻ വാർഡാക്കി. വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും പ്രീമെട്രിക് ഹോസ്റ്റലിലും വാർഡുകൾ ഒരുക്കി.
ഡി.കെ.മുരളി എം.എൽ.എയുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പിന്റെയും സഹകരണത്തോടെയായിരുന്നു പ്രവർത്തനം. ഏറെ നാളായി പൂട്ടിയിട്ടിരുന്ന മുറികൾ കഴുകി വൃത്തിയാക്കിയ ശേഷം അഗ്നിരക്ഷാ സേന അണുവിമുക്തമാക്കിയ ശേഷമാണ് വാർഡുകൾ ക്രമീകരിച്ചത്.