മുടപുരം: നാല് മാസത്തോളമായി മഴ ലഭിക്കാത്തതിനാൽ കിഴുവിലം, അഴൂർ, ഗ്രാമ പഞ്ചായത്തിലെ കാർഷിക വിളകൾ കരിഞ്ഞുണങ്ങി നശിക്കുന്നു. പച്ചക്കറികൾ, വാഴ തുടങ്ങിയവയ്ക്കാണ് ഏറെ നാശം. ഇതുവഴി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരിക്കുകയാണ്. രണ്ട് പഞ്ചായത്തുകളിലുമായി പതിനായിരത്തോളം കുലച്ച വാഴകൾ ഒടിഞ്ഞു വീണു. ഇതിലൂടെ മാത്രം ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടം കർഷകർക്ക് ഉണ്ടായിരിക്കുകയാണ്. മുട്ടപ്പലം മുക്കോണി തോടിന്റെ ഇരുവശങ്ങളിലുമായി മുട്ടപ്പലം, മുടപുരം, ചേമ്പുംമൂല, ചിറ്റാരിക്കോണം തുടങ്ങിയ സ്ഥലങ്ങളിൽ തോട്ടിലൂടെ എത്തുന്ന വെള്ളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. എന്നാൽ തോട് ഇപ്പോൾ വറ്റി വരണ്ട് വിണ്ടു കീറികിടക്കുകയാണ്.അതുമൂലം ഭാഗികമായുള്ള ജലസേചന സൗകര്യം മുടങ്ങി. മറ്റ് ജലസേചന സൗകര്യം ഇല്ലാത്തതിനാൽ മഴവെള്ളത്തെ തന്നെയാണ് കർഷകർ ആശ്രയിക്കുന്നത്. അതിനാൽ കുല വന്ന് പാകമെത്തിയ വാഴകൾ ഉണങ്ങി ചുരുണ്ട് ഒടിഞ്ഞുവീഴാൻ തുടങ്ങിയിരിക്കുന്നു.കുല വന്ന വാഴ ഒടിഞ്ഞ് മറ്റ് വാഴകൾക്ക് മുകളിൽ വീഴുന്നതിനാൽ വാഴത്തോട്ടത്തിൽ നിരനിരയായി വാഴകൾ ഒടിഞ്ഞ് വീണു കിടക്കുകയാണ്. ഏത്തൻ, കപ്പ, റോബസ്റ്റ, ഞാലിപ്പൂവൻ, പാളയംകോടൻ തുടങ്ങി വിവിധ ഇനത്തിലുള്ള വാഴകൾ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. അഴൂർ, കിഴുവിലം പഞ്ചായത്തുകളിലെ വിവിധ പുരയിടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിചെയ്തുവരുന്ന സുരേഷ്, ബൈജുലാൽ, പുഷ്പാംഗദൻ എന്ന കർഷക കൂട്ടായ്മക്ക് മാത്രം എണ്ണായിരത്തോളം വാഴകൾ ഒടിഞ്ഞു വീണു നശിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. നട്ട പച്ചക്കറികൾ കരിഞ്ഞ് ഉണങ്ങി നശിക്കുകയും പുതിയവ കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയുമാണ് ഇപ്പോഴെന്ന് അവർ പറഞ്ഞു.അതിനാൽ കർഷകർക്ക് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.