kerala-entrance-exam-resu

തിരുവനന്തപുരം: ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചത് മേയിലേക്ക് നീളാൻ സാദ്ധ്യത. ഏപ്രിൽ 14വരെ രാജ്യത്ത് ലോക്ക്ഡൗൺ ആണ്. രോഗ വ്യാപനമുണ്ടായാൽ ഇത് നീണ്ടുപോകാം.

മാത്രമല്ല, മുംബയ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും എൻട്രൻസ് പരീക്ഷാ സെന്ററുണ്ട്. മുന്നൂറിലേറെ കുട്ടികളാണ് ദുബായിൽ പരീക്ഷയെഴുതാൻ അപേക്ഷിച്ചിട്ടുള്ളത്. പരീക്ഷാ നടത്തിപ്പിന് ഉദ്യോഗസ്ഥർക്ക് യു.എ.ഇ യാത്രാനുമതി നൽകാനിടയില്ല.

മറ്റ് സംസ്ഥാനങ്ങളിലെ എൻട്രൻസ് പരീക്ഷാ തീയതികൾ കണക്കിലെടുത്താണ് ഇവിടെയും തീയതി നിശ്ചയിച്ചത്. അതിനാൽ മറ്റു പരീക്ഷകൾ മാറ്റുന്നതും പരിഗണിച്ചു വേണം പുതിയ തീയതി നിശ്ചയിക്കാൻ. എൻജിനിയറിംഗ്, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പൂർത്തിയാക്കാൻ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി നിലവിലുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഈ പരിധി നീട്ടാൻ കേന്ദ്രസർക്കാർ തന്നെ സുപ്രീംകോടതിയെ സമീപിച്ചേക്കും.

എൻജിനിയറിംഗ് എൻട്രൻസിന് 89167 പേരും ഫാർമസിക്ക് 63534 പേരും അപേക്ഷിച്ചിട്ടുണ്ട്. മേയ് മൂന്നിന് നടത്താനിരുന്ന നീ​റ്റ് യു.ജി പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.

ഓൺലൈൻ പരീക്ഷയോ?​

എൻട്രൻസ് പരീക്ഷ ഓൺലൈനാക്കാൻ സർക്കാർ ആലോചന നടത്തിയിരുന്നു. പക്ഷേ, ജെ.ഇ.ഇ മാതൃകയിൽ വ്യത്യസ്ത ചോദ്യേപപ്പർ വേണമെന്നതും മൂല്യനിർണയം ഉൾപ്പെടെ സങ്കീർണമാകുമെന്നതും സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ച് വേണ്ടെന്നു വയ്ക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷയും പരിഗണിച്ചേക്കും.