തിരുവനന്തപുരം: കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച പുതിയ പകർച്ചവ്യാധി ഓർഡിനൻസ് (കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്) മാദ്ധ്യമങ്ങൾ ഉൾപ്പെടെ അവശ്യ സേവനങ്ങളുടെ സമയ പരിധിയിൽ നിയന്ത്രണ മേർപ്പെടുത്താൻ വരെ അധികാരം നൽകുന്നു.
അവശ്യ സർവീസുകളായ ബാങ്കുകൾ, മാദ്ധ്യമങ്ങൾ, ആരോഗ്യ പരിരക്ഷ, ഭക്ഷ്യവിതരണം, വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ സമയപരിധി നിയന്ത്രിക്കാനുള്ള അധികാരമാണ് ഓർഡിനൻസ് സർക്കാരിന് നൽകുന്നത്. ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് രണ്ട് വരെയായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതും ഈ ഓർഡിനൻസിന്റെ പശ്ചാത്തലത്തിലാണ്.
വ്യവസ്ഥ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും ചേർന്നതോ ആയിരിക്കും ശിക്ഷ.
മറ്റു വ്യവസ്ഥകൾ
- ആളുകൾ തമ്മിലുള്ള കൂടിച്ചേരൽ, ആഘോഷങ്ങൾ, ആരാധന തുടങ്ങിയവ നിരോധിക്കാം
- സംസ്ഥാനത്ത് എത്തുന്നവർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവരെ പരിശോധിക്കാൻ അധികാരം
- അത്യാവശ്യമെങ്കിൽ നിശ്ചിതകാലത്തേക്ക് സംസ്ഥാന അതിർത്തികൾ അടച്ചിടാം
- പൊതു, സ്വകാര്യ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താം
- പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും കൂട്ടം ചേരൽ നിരോധിക്കാം
- സർക്കാർ, സ്വകാര്യ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവർത്തനം ക്രമീകരിക്കാം
- കടകൾ, ഫാക്ടറികൾ, വർക്‌ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനം നിരോധിക്കാം