university-exam

തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലും ഒരേദിവസം പ്രവേശനം നടത്താനും ഒരുമിച്ച് പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കാനും സർക്കാർ തയ്യാറാക്കിയ അക്കാഡമിക് കലണ്ടർ കൊറോണയെത്തുടർന്ന് തകിടം മറിഞ്ഞു.

മാറ്റിവച്ച പരീക്ഷകൾ എന്നു നടത്താനാവുമെന്ന് ധാരണയില്ല. അദ്ധ്യയനവർഷം ജൂലായിലേക്കോ ആഗസ്​റ്റിലേക്കോ നീളാനിടയുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ലോക്ക് ഡൗണായതിനാൽ മറ്റു സംസ്ഥാന സർവകലാശാലകളിൽ ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടില്ല. രാജ്യത്തെ എല്ലാ സർവകലാശാലകളിലും പഠനവും പരീക്ഷയും പ്രവേശനവും നിറുത്തിവച്ചിരിക്കുകയാണ്.

കേന്ദ്രീകൃത മൂല്യനിർണയം ഒഴിവാക്കാനും ഉത്തരക്കടലാസുകൾ വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താൻ അദ്ധ്യാപകർക്ക് അനുമതി നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.

നിലവിലെ സ്ഥിതി

#കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷകൾ നടക്കാനുണ്ട്.

# കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തിയാക്കി മൂല്യനിർണയം ആരംഭിച്ചിരുന്നു. സപ്ലിമെന്ററി പരീക്ഷകൾ നടക്കാനുണ്ട്.

# കേരള, എം.ജി സർവകലാശാലകളിൽ കൂടുതൽ പരീക്ഷകൾ നടത്താനുണ്ട്.

# ആരോഗ്യ സർവകലാശാലയും സാങ്കേതിക സർവകലാശാലയും പരീക്ഷകൾ മാ​റ്റിയിട്ടുണ്ട്.