corona-virus

തിരുവനന്തപുരം: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ‌ഡൗൺ നടപ്പാക്കിയതോടെ സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ അടച്ചൂപൂട്ടലിന്റെ വക്കിലേക്ക്. പൊതുവേ നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ലാബുകളിലേക്ക്,​ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആരും എത്താത്ത സ്ഥിതിയാണ്. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. വിവിധ പ്രദേശങ്ങളിലെ ഇത്തരം ലാബുകൾ അടച്ചതോടെ കൃത്യമായ ഇടവേളകളിൽ പ്രമേഹം,​ രക്തസമ്മർദ്ദം,​ രക്തപരിശോധന അടക്കമുള്ളവയ്ക്ക് വിധേയരാകേണ്ട രോഗികൾ സ്വകാര്യ ആശുപത്രിയിലെ ലാബുകളെ സമീപിക്കേണ്ട സ്ഥിതിയാണ്. അത്യാവശ്യ ചികിത്സയ്ക്ക് മാത്രമേ ആശുപത്രികളിലേക്ക് പോകാവൂവെന്ന നിർദ്ദേശത്തിനിടെയാണ് ഈ ദുരവസ്ഥ. ഡോക്ടറുടെ കുറിപ്പില്ലാതെ സ്ഥിരമായി ഷുഗർ പരിശോധന നടത്തേണ്ടവർ ആശുപത്രിയിലെത്തിയാൽ ഡോക്ടറുടെ നിർദ്ദേശമുണ്ടെങ്കിലേ പരിശോധന നടത്തൂവെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ സ്വകാര്യ ലാബുകൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കണമെന്ന് മെഡിക്കൽ ലബോറട്ടറി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസി‌ഡന്റ് ഡോ. ജി.ഗോപിനാഥും സെക്രട്ടറി ആർ. ജോയിദാസും ആവശ്യപ്പെട്ടു. ലാബുകൾക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനും ജീവനക്കാർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.