തിരുവനന്തപുരം: അതിർത്തിയിലെ ഗതാഗത തടസ്സം നീക്കുന്നതിൽ കർണാടക സർക്കാർ നിസ്സഹകരണം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള ലോറികൾ തമിഴ്നാട്ടിലേക്ക് അണുമുക്തമാക്കി കൊണ്ടുപോകുന്നതിൽ ഇന്ന് തീരുമാനമാകും. മന്ത്രി കെ.കൃഷ്ണൻകുട്ടി തമിഴ്നാട് മന്ത്രി വേലുമണി, ഡെപ്യൂട്ടി സ്പീക്കർ ജയരാമൻ എന്നിവരുമായി ഇന്ന് അതിർത്തി ചെക്പോസ്റ്റിൽ ചർച്ച നടത്തും.
ചരക്ക് നീക്കത്തിന്റെ കാര്യത്തിൽ കേന്ദ്രം കൃത്യമായി നിലപാടറിയിച്ചിട്ടും കർണാടകയുടെ നിലപാടിൽ മാറ്റമില്ല. ചീഫ്സെക്രട്ടറി കർണാടക ചീഫ്സെക്രട്ടറിയുമായി നിരവധി തവണ ബന്ധപ്പെട്ടു. റോഡുകളിലെ മണ്ണ് നീക്കാമെന്ന് ഉറപ്പ് തന്നിട്ടും നീക്കിയിട്ടില്ല. മുഖ്യമന്ത്രി യദിയൂരപ്പയെ രാവിലെ മുതൽ താൻ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല.
പ്രധാനമന്ത്രി ചുമതലപ്പെടുത്തിയതനുസരിച്ച് ഇന്നലെ രാവിലെ ഫോണിൽ വിളിച്ച കേന്ദ്രമന്ത്രി സദാനന്ദഗൗഡയോട് കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്. കർണാടക സർക്കാരുമായി സംസാരിച്ച് പരിഹരിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെയും ചീഫ്സെക്രട്ടറി വിവരം ധരിപ്പിച്ചിട്ടുണ്ട്.
കാസർകോട്ട് ഡയാലിസിസ് രോഗികളടക്കം ഏറ്റവുമധികം ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. ഡയാലിസിസ് ആവശ്യമുള്ളവരെ ആംബുലൻസിൽ അവിടെ എത്തിക്കുന്ന കാര്യം കേന്ദ്രമന്ത്രിയോട് സംസാരിച്ചു. ആലോചിക്കാമെന്നാണ് മറുപടി.
മൂന്ന് മാസത്തെ
ഭക്ഷ്യധാന്യം സംഭരിക്കും
#സംസ്ഥാനത്ത് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിക്കും.
# റോഡ്, റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ ഇവയെത്തിക്കും.
# എഫ്.സി.ഐ, സപ്ലൈകോ, മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ് എന്നിവയിലെ അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ഏകോപിപ്പിക്കും.
# ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനം, പാൽപ്പൊടി, ബിസ്ക്കറ്റ് തുടങ്ങി എല്ലാ ഇനങ്ങളും ഗുണനിലവാരം ഉറപ്പാക്കി സംഭരിക്കും.
# ആളുകൾ കടകളിലെത്താതെ, ഓൺലൈനിലൂടെ സാധനങ്ങൾ വീടുകളിലെത്തിക്കാനാണ് ശ്രമം.
#ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറികൾ, പാൽ, മുട്ട മുതലായവ പ്രാദേശികമായി സംഭരിക്കാൻ വോളണ്ടിയർമാരെ നിയോഗിക്കും
# ദേശീയ മൊത്ത കച്ചവടക്കാരുമായി ബന്ധപ്പെട്ടും സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കും. നാഫെഡ് എല്ലാ സഹായവും ഉറപ്പ് തന്നു.
# ഭക്ഷ്യസംസ്കരണസ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് യാത്രാ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്.