"അധികം ആവശ്യപ്പെട്ടത് 1100 രൂപ 'സംഭവം ചാലയിൽ

തിരുവനന്തപുരം: ആറ്റുനോറ്റിരുന്ന് തെലങ്കാനയിൽ നിന്നെത്തിയ അരി ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിന് തൊഴിലാളികൾ ആയിരം രൂപ അധിക കൂലി ആവശ്യപ്പെട്ടത് ഇന്നലെ ചാല മാർക്കറ്റിലെ കൊത്തുവാൾ തെരുവിൽ വാക്കുതർക്കത്തിനും മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും ഇടയാക്കി.

600 ചാക്ക് സുലേഖ അരിയുമായി തെലങ്കാനയിൽ നിന്നുള്ള ലോറി ഇന്നലെ രാവിലെ 11 മണിയോടെയാണ് എത്തിയത്. ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിനുളള ലെവി ഉൾപ്പെടെ ചാക്ക് ഒന്നിന് പരമാവധി 5 രൂപയാണ് ഇറക്കുകൂലി. ഈ കണക്കിൽ 3000 രൂപയാണ് നൽകേണ്ടത്. എന്നാൽ, ആയിരം രൂപ കൂടുതൽ നൽകിയാലേ ലോഡിറക്കൂ എന്നായി സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളികൾ. ലോറി ഡ്രൈവർ ഇതിനു വിസമ്മതിച്ചതോടെ തൊഴിലാളികൾ ലോഡിറക്കാതെ മണിക്കൂറുകൾ കാത്തു. പ്രശ്നം വഷളായതോടെ കേരളത്തിലേക്ക് ലോഡ് അയയ്ക്കേണ്ടെന്ന് മറ്റ് സംസ്ഥാനങ്ങളിലെ ലോറി ഉടമകൾ തീരുമാനിക്കുന്ന ഘട്ടമെത്തി. സംസ്ഥാനത്തിന് ഇത് ദോഷമാകുമെന്ന് കണ്ട് തൊഴിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വിലപേശലിനൊടുവിൽ 600 രൂപ അധികം നൽകാമെന്നേറ്റതോടെയാണ് ലോഡിറക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് ലേബർ കമ്മിഷണർ നിർദേശം നൽകി. അമിത കൂലി നൽകിയവർ ലോറിയുമായി തിരിച്ചു പോയി.