pension

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് പെൻഷൻ വിതരണം ഏപ്രിൽ രണ്ടിന് ആരംഭിക്കും. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് വിതരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ട്രഷറികളുടെ പ്രവർത്തനം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും. തിരക്കൊഴിവാക്കാനുള്ള ക്രമീകരണങ്ങളേർപ്പെടുത്തി. അതിഥി തൊഴിലാളികളുടെ സൗകര്യമുറപ്പാക്കാനായി മേൽനോട്ടത്തിന് സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ജില്ലകളിൽ കളക്ടർമാർക്കാണ് ചുമതല.

അതിഥിതൊഴിലാളികളുടെ കാര്യത്തിൽ ആശങ്കയറിയിച്ച് തമിഴ്നാട്, നാഗാലാൻഡ്, ജാർഖണ്ഡ്, ബംഗാൾ, മണിപ്പൂർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാർ കത്തെഴുതിയിരുന്നു. സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് അവർക്ക് മറുപടിയയച്ചു.

അവശ്യമരുന്നുകളെത്തിക്കുന്ന കൊറിയർ ഏജൻസികളെയും തപാൽവകുപ്പിനെയും ബന്ധപ്പെടാൻ സെക്രട്ടേറിയറ്റ് വാർറൂമിനെ ചുമതലപ്പെടുത്തി. വാർറൂം വിപുലമാക്കും. ഭക്ഷ്യസാധനങ്ങളെത്തിക്കുന്നതിന്റെ ചുമതലയും നൽകും. പൈനാപ്പിൾ കൃഷി വിളവെടുപ്പിന്റെ സമയമായതിനാൽ സാമൂഹ്യ അകലം പാലിച്ച് വിളവെടുപ്പ് നടത്തണം. പച്ചക്കറി വിളവെടുപ്പിലും അത് വേണം.

ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ പുതുക്കേണ്ട സമയമായതിനാൽ ഇൻഷ്വറൻസ് കമ്പനികളുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും. കേന്ദ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ കൊറോണ പ്രതിരോധത്തിലേർപ്പെട്ട പൊലീസുകാരെയും ഉൾപ്പെടുത്താനാവശ്യപ്പെടും. ആരാധനാലയങ്ങളിൽ നിന്നുള്ള ഭക്ഷണം കഴിച്ച് ജീവിക്കുന്നവർക്ക് അതുറപ്പാക്കാൻ ക്ഷേത്രാധികാരികൾ ശ്രദ്ധിക്കണം. കടകളിലെ തിരക്കൊഴിവാക്കാൻ വാങ്ങാനെത്തുന്നവരുടെ ഫോൺനമ്പർ വാങ്ങിവച്ചശേഷം കിറ്റ് തയാറായിക്കഴിഞ്ഞാൽ വിളിച്ചുവരുത്തി നൽകുന്ന രീതി നടപ്പാക്കണം. ഇടുക്കി തോട്ടം മേഖലയിൽ പ്രത്യേകം ഭക്ഷ്യധാന്യമെത്തിക്കാൻ സപ്ലൈകോ ശ്രദ്ധിക്കണം.

രോഗബാധിതരുടെ പേര് വെളിപ്പെടുത്തില്ല

രോഗബാധിതരുടെ പേര് വെളിപ്പെടുത്തുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞ മുഖ്യമന്ത്രി ഇന്നലെ തിരുത്തി. പേര് വെളിപ്പെടുത്തേണ്ടെന്നാണ് പൊതു തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.