തിരുവനന്തപുരം:ലോക്ക് ഡൗൺ വിലക്ക് ലംഘിക്കുന്നവരുടെ എണ്ണം കുറയുന്നു. അനാവശ്യ യാത്ര ചെയ്യുന്നവരെ കണ്ടെത്താനുള്ള പരശോധന പൊലീസ് വിപുലമാക്കി. കൂടുതൽ പൊലീസുകാരെ പരിശോധനയ്ക്ക് നിയോഗിച്ചു. ഇടറോഡുകളിലടക്കം പട്രോളിംഗ് ഏർപ്പെടുത്തി. പൂന്തുറ, വിഴിഞ്ഞം, കോവളം, തുമ്പ, വലിയതുറ എന്നിവിടങ്ങളിലും നഗരത്തിലും ആൾക്കൂട്ടത്തെ കണ്ടെത്താനും അതിലൂടെ ജനങ്ങൾ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനുമായി ആകാശ നിരീക്ഷണത്തിന് പൊലീസ് ഡ്രോണുകൾ ഉപയോഗിച്ചു. വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്ത 44 പേർക്കെതിരെ ഇന്നലെ കേസുകൾ രജിസ്റ്റർ ചെയ്തു.ഇന്നലെ വൈകിട്ട് 5 വരെ 43 പേർ അറസ്റ്റിലായി.ലോക്ക് ഡൗൺ ദിവസത്തിൽ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് അറസ്റ്റ്. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് നേമം പൂജപ്പുര, വഞ്ചിയൂർ സ്‌റ്റേഷനുകളിലാണ്. 42 വാഹനങ്ങൾ പിടിച്ചെടുത്തു. 36 ഇരുചക്ര വാഹനങ്ങളും 5 ആട്ടോറിക്ഷകളും ഒരു കാറുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ ലോക്ക് ഡൗൺ കഴിഞ്ഞേ വിട്ടു നൽകൂ. ആഹാര സാധനങ്ങളും മരുന്നുവാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആളുകളെ നഗരാതിർത്തി കടത്തി വിടുകയുള്ളൂ. ഇപ്പോഴുള്ള ചെക്കിംഗ് പോയിന്റുകൾക്ക് പുറമേ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന വ്യാപിപ്പിക്കും. ട്രാഫിക് പൊലീസ്, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വാഹന പരിശോധനയ്ക്ക് നിയോഗിച്ചു. ഡ്യൂട്ടിയിലുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്തിട്ടുണ്ട്.തലസ്ഥാനത്ത് ക്വാറൻറ്റൈനായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സുരക്ഷയും ആവശ്യങ്ങളും കണക്കിലെടുത്ത് 'ബി സേഫ്' എന്ന പേരിൽ ഒരു മൊബൈൽ ആപ്ലക്കേഷൻ ലിങ്ക് സൈബർ സെൽ വഴി അവർക്ക് അയച്ചിട്ടുണ്ട്. ജനമൈത്രി ബീറ്റ് ഓഫീസർമാർ ഇവരെ നേരിട്ടു സന്ദർശിച്ചും, ഫോണിലൂടെയും ബന്ധപ്പെട്ട് ഈ ആപ്ലക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നടപടി തുടങ്ങിക്കഴിഞ്ഞതായും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.