തിരുവനന്തപുരം : നഗരസഭയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നു. വിതരണം ചെയ്യുന്നതിനാവശ്യമായ ഭക്ഷണം കൂടുതൽ ആവശ്യമായി വന്ന സാഹചര്യത്തിലാണിത്. വെള്ളയിക്കടവ്, നന്തൻകോട് എന്നീ കേന്ദ്രങ്ങളിൽ ഇന്നലെ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു. തിരുവല്ലം , ശ്രീകാര്യം, എൽ.എം.എസ് കോമ്പൗണ്ട് എന്നീ കേന്ദ്രങ്ങളിൽ ഇന്ന് മുതൽ ആരംഭിക്കും. തിരുവല്ലം അച്യുതൻ നായർ ആഡിറ്റോറിയം, ശ്രീകാര്യം ലീലാ കല്യാണ മണ്ഡപം, എൽ.എം.എസ് കോമ്പൗണ്ട് എന്നിവിടങ്ങളിലാണ് പുതുതായി കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നത്. ഇതോടെ കമ്മ്യൂണിറ്റി കിച്ചണുകളുടെ എണ്ണം എട്ടാകും.
ഇന്നലെ മാത്രം 2451പേർക്ക് പ്രഭാത ഭക്ഷണവും 3348 പേർക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു.
ഓരോ കമ്മ്യൂണിറ്റി കിച്ചണുകളുടെയും പ്രവർത്തന ചുമതല സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ,വാർഡ് കൗൺസിലർമാർ, ഹെൽത്ത് സൂപ്പർ വൈസർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർക്ക് നൽകിയിട്ടുണ്ട്.
ഭക്ഷണ വിതരണം വേഗത്തിലാക്കുന്നതിനായി സർക്കിളുകൾ തിരിച്ചാവും ഇനി നടപ്പാക്കുക.
വിളിക്കാം 24 മണിക്കൂറും
നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിൽ പാചകം ചെയ്യുന്ന ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ, www.covid19tvm.com എന്ന വെബ് പേജ് വഴി രജിസ്റ്റർ ചെയ്യുകയോ 9496434448,9496434449,9496434450 എന്നീ നമ്പരുകളിൽ വിളിച്ചറിയുകയോ ചെയ്യാം.
ഭക്ഷണ വിതരണത്തിനായുള്ള നഗരസഭയുടെ കോൾ സെന്റർ വെള്ളിയാഴ്ച മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.