ലക്നൗ: കെറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പരിശോധന ഫലം നാലാം തവണയും പോസിറ്റീവ്.
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കനിക കപൂർ ചികിത്സയിൽ കഴിയുന്നത്. നാലാമതും ഫലം പോസിറ്റീവായതിൽ ഗായികയുടെ കുടുംബാംഗങ്ങൾ കടുത്ത ആശങ്കയിലാണ്. കനികയുടെ ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.
കനിക കപൂറിനെതിരെ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269 പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതത്. ലണ്ടനിൽ നിന്നും മുംബയിലെത്തി ലക്നൗവിൽ ഒരു ചടങ്ങിൽ അവർ പങ്കെടുത്തിരുന്നു.
കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവർ മൂന്ന് പാർട്ടികളിൽ പങ്കെടുത്തിരുന്നു. അതിനിടയിൽ ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛൻ പൊലീസിനോടു പറഞ്ഞത്. ഗായിക പങ്കെടുത്ത പാർട്ടികളെക്കുറിച്ച് അന്വേഷിക്കാൻ ലക്നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഇന്ത്യക്കെതിരായ ഏകദിന പരമ്ബരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കൻ ടീം താമസിച്ചത് കനിക കപൂർ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269 പ്രകാരം കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഉണ്ടാക്കിയാൽ അവർക്ക് ആറുമാസം വരെ തടവുശിക്ഷ നൽകുകയും പിഴ ഈടാക്കുകയും ചെയ്യാം.