can

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ ലോക്ക് ഡൗൺ തുടരുമ്പോൾ കുടിവെള്ളം മുട്ടില്ലെന്ന് ജല അതോറിട്ടി. ഹോട്ടലുകളും കടകളും സർക്കാർ ഓഫീസുകളുൾപ്പെടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ തലസ്ഥാന നഗരിയിലുൾപ്പെടെ ജലത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്. ഇത് വീടുകളിലേക്കുള്ള പൈപ്പ് ലൈനുകളിലെ ജലവിതരണം മെച്ചപ്പെടാൻ സഹായകമായതായി വാട്ടർ അതോറിട്ടി വെളിപ്പെടുത്തി. തലസ്ഥാന നഗരിയിൽ വരുന്ന 90 ദിവസത്തേക്ക് വിതരണം ചെയ്യാനുള്ള വെള്ളം പേപ്പാറ ഡാമിലുണ്ട്. ആറ്റിങ്ങലിൽ വാമനപുരം നദിയിലെ ജലവിതാനം താഴുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും വേനൽ മഴ ലഭിച്ചാൽ സ്ഥിതി മെച്ചപ്പെടാവുന്നതേയുള്ളൂ. ഇവിടങ്ങളിൽ നഗരസഭയും ജല അതോറിട്ടിയും വാഹനങ്ങളിൽ വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കും.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കുടിവെള്ളവിതരണത്തെ ബാധിക്കാതിരിക്കാൻ സംസ്ഥാനത്താകമാനം ജല അതോറിട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കിയിട്ടുണ്ട്.. അതോറിറ്റിയുടെ 1020 ജലശുദ്ധീകരണ പദ്ധതികളും പതിവുപോലെ പ്രവർത്തിച്ച് ശുദ്ധജല വിതരണം ഉറപ്പു വരുത്തുന്നു. സംസ്ഥാനത്ത് 24 ലക്ഷം കണക്ഷനുകൾക്കായി പ്രതിദിനം 2700 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത്. ഇതിനു പുറമെ, കഴിഞ്ഞ നാലു ദിവസങ്ങളിൽ ടാങ്കർ ലോറി വഴി 55.59ലക്ഷം ലിറ്റർ വെള്ളവും വിതരണം ചെയ്തു.

ക്വാറന്റൈൻ മേഖലകളിൽ

കാനുകളിൽ കുടിവെള്ളം

സംസ്ഥാനത്താകമാനം ക്വാറന്റൈൻ കേന്ദ്രങ്ങളിലും കോവിഡ്- 19 നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും 12110 ലിറ്റർ ജലം കാൻ വഴി സൗജന്യമായി എത്തിച്ചു. കാനുകളിൽ ജീവനക്കാർ തന്നെ ടാപ്പ് ഘടിപ്പിച്ചാണ് ജലവിതരണം നടത്തിയത്. ആർ.ഒ പ്ലാൻറുകൾ വഴിയും സൗജന്യ ജലം എത്തിക്കുന്നുണ്ട്. കഴിഞ്ഞ നാലു ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1456 ചോർച്ചകളും പരിഹരിച്ചു. പാലക്കാട് ജില്ലയിൽ കുടിവെള്ളം കിട്ടാതെ ലേബർ ക്യാമ്പുകളിൽ ദുരിതത്തിലായ അന്യസംസ്ഥാന തൊഴിലാളികൾക്കും കുടിവെള്ളം കാനുകളിലെത്തിച്ചു കൊടുത്തു. കവലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി പ്രത്യേക കുടിവെള്ള കാനുകളും ഒരുക്കി. ആശുപത്രികളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും പുതിയ കണക്ഷൻ നൽകുന്ന പ്രവൃത്തികളും നടക്കുന്നു. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളും പുന:സ്ഥാപിച്ചു നൽകുന്നുണ്ട്.ജല ശുദ്ധീകരണ ശാലകൾ, പമ്പ് ഹൗസ് എന്നിവിടങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്കൊപ്പം ബ്ലൂ ബ്രിഗേഡ്, അറ്റകുറ്റപ്പണി കരാർ തൊഴിലാളികളും രംഗത്തുണ്ട്.

കൊറോണ പ്രതിരോധത്തിൽ, അവശ്യ വസ്തുവായ കുടിവെള്ളത്തിന്റെ വിതരണം ഏകോപിപ്പിക്കാൻ മന്ത്രിയുടെ നിർദേശപ്രകാരം കോവിഡ്- 19 സെൽ രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ അപ്പപ്പോൾ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ ജലവിതരണം തൃപ്തികരമാണ്.

- എസ്.വെങ്കടേസപതി,​ ജോയിന്റ് മാനേജിംഗ് ഡയറക്ടർ, ജല അതോറിട്ടി