doctor

തിരുവനന്തപുരം: മദ്യാസക്തിയിൽ നിന്ന് മോചനം ലഭിക്കാതെ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ എക്സൈസ് വകുപ്പ് ഇതിന് നടപടിക്രമങ്ങൾ തയ്യാറാക്കി. സർക്കാരിനു സമർപ്പിച്ച കരടു നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാലുടൻ വിതരണം തുടങ്ങും. അമിത മദ്യാസക്തിയെന്ന ആൽക്കഹോൾ വിത്ഡ്രാവൽ സിൻഡ്രം ഉള്ളവർക്കു മാത്രം മദ്യം നൽകിയാൽ മതിയെന്നും ഇതിനായി ബെവ്കോ ജീവനക്കാർക്ക് സ്ഥാപനങ്ങളിൽ പോയിവരാൻ സഞ്ചാരാനുമതി നൽകണമെന്നും റിപ്പോർട്ടിലുണ്ട്.

ഡോക്ടറുടെ സർട്ടിഫിക്കറ്റും

എക്സൈസിന്റെ പെർമിറ്റും

 പരിശോധനകൾക്കുശേഷം 15 ദിവസത്തേക്ക് നിശ്ചിത അളവിൽ മദ്യം നൽകണമെന്ന് ഡോക്‌ടർ സർട്ടിഫിക്കറ്റ് നൽകണം.

 ഈ സർട്ടിഫിക്കറ്റുമായി തൊട്ടടുത്ത എക്‌സൈസ് റേഞ്ച് ഓഫീസിലെത്തി പെർമിറ്റ് വാങ്ങണം

 പെർമിറ്റിന് ഒപ്പം കമ്പ്യൂട്ടറിൽ തയ്യാറാക്കുന്ന നിർദ്ദിഷ്ട ഫോറത്തിൽ ആളിന്റെ ഫോട്ടോയും മദ്യത്തിന്റെ അളവും രേഖപ്പെടുത്തും

 എക്‌സൈസ് ഓഫീസ് പരിധിയിലുള്ള ബിവറേജസ് ഷോപ്പിലെ മാനേജർക്ക് ഈ പട്ടിക കൈമാറും

 ഒരു സമയം ഒരാൾക്കുമാത്രമെ മദ്യം നൽകൂ

 എല്ലാ എക്‌സൈസ് ഓഫീസിലും പെർമിറ്റ് നൽകാൻ സംവിധാനമൊരുക്കും

 കുടി; കേരള മോഡൽ

പ്രതിദിന മദ്യപന്മാർ - 6 ലക്ഷം

സ്ഥിരം മദ്യപന്മാർ- 80,​000

കടുത്ത മദ്യാസക്തിയുള്ളവർ - 15,​000

വില്ലൻ ഡി.ടി
പെട്ടെന്ന് മദ്യപാനം നിറുത്തിയാലുണ്ടാകുന്ന അപകടകരമായ പ്രശ്നം ഡെലീറിയം ട്രെമൻസ് (ഡി.ടി) എന്ന രോഗാവസ്ഥയാണ്. ചികിത്സ കിട്ടാതെ പോകുന്ന ഡി.ടി ബാധിതരിൽ 35 ശതമാനവും ചികിത്സ ലഭിക്കുന്നവരിൽ അഞ്ച് ശതമാനവും മരണത്തിന് കീഴടങ്ങുന്നു.