കിളിമാനൂർ: നിർബന്ധിത ലോക്ക് ഡൗണിൽ കുടുങ്ങി വീട്ടിൽ ഇരിക്കുമ്പോഴും ജനപ്രതിനിധികളും, സാധാരണ ജനങ്ങളും, വീട്ടമ്മമാരും, വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ലോക്ക് ഡൗണിലും വിവിധ പ്രവൃത്തികളിൽ ഏർപ്പെട്ട് ആനന്ദം കണ്ടെത്തുകയാണ്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീട്ടുമുറ്റത്ത് തന്നെ കൃഷി ചെയ്യാനുള്ള സംരഭത്തിന് മിക്ക വീടുകളിലും തുടക്കമായി. ഇപ്പോൾ മിക്ക വീട് മുറ്റത്തും ഗ്രോ ബാഗുകളിൽ മണ്ണ് നിറച്ച് പച്ചക്കറി വിത്ത് പാകിയിരിക്കുന്ന കാഴ്ചയാണുള്ളത്. ലോക്ക് ഡൗൺ കഴിയുന്നതോടെ മിക്ക വീടുകളിലും മുറ്റത്തൊരു പച്ചക്കറിത്തോട്ടം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ജോലിത്തിരക്കും സമയക്കുറവും കൊണ്ടു മാറ്റി വെച്ച വായന ശീലം പലരും വീണ്ടും ആരംഭിച്ചു എന്നതാണ് ഈ കൊറോണ കാലത്തെ മറ്റൊരു സവിശേഷത. പുസ്തക ശേഖരം അധികമില്ലാത്തവർ ഇ ബുക്ക് വായന ശീലമാക്കി. പ്രസാദകർ എല്ലാം പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നുണ്ട്. ഐസലേഷനിൽ കഴിയുന്നവർക്കും വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്കും മാനസിക സംഘർഷവും ആശങ്കയും കുറയ്ക്കാനൊരു മാർഗം കൂടിയാണ് വായന. കഥകൾ കേൾക്കാൻ താല്പര്യമില്ലാത്തവർ ആരുമുണ്ടാകില്ല.
പാഴ്വസ്തുക്കളിൽ നിന്ന് മനോഹരമായ അലങ്കാര വസ്തുക്കൾ നിർമ്മിച്ചും, പഴയ ജീൻസുകളിൽ നിന്ന് ഭംഗിയുള്ള തുണി സഞ്ചികൾ തുന്നിയെടുത്തുമൊക്കെ മടിപ്പ് മറികടക്കാം എന്ന് കാട്ടിത്തരുന്നവരുമുണ്ട്. പാഴ് കുപ്പികളിൽ ഫാബ്രിക് പെയിന്റ്, ഗ്ലാസ് പെയിന്റ്, എംസീൽ, വാൾ പുട്ടി, വിവിധ തരം നൂലുകൾ എന്നിവ ഉപയോഗിച്ച് മനോഹരമായ അലങ്കാര വസ്തുക്കളാക്കുന്നു. കൊറോണയെ ശപിക്കുമ്പോഴും ഇത്തരത്തിൽ നിരവധി ഗുണങ്ങളും കാണുന്നു.