മാഡ്രിഡ്: കൊറോണ ബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86 വയസായിരുന്നു.
സഹോദരനും അറഞ്ച്വസ് പ്രഭുവുമായിരുന്ന സിക്‌സ്റ്റോ എന്റിക് ഡെ ബോർബോ ഫേസ്ബുക്കിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണിവർ. സ്പാനിഷ് രാജാവ് ഫിലിപ്പ് നാലാമന്റെ ബന്ധുകൂടിയാണ് മരിയ തെരേസ. ഫിലിപ്പ് രാജാവിന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവാണെന്ന് പുറത്തു വന്ന് ആഴ്ചകൾക്കുള്ളിലാണ് രാജകുടുംബത്തിൽപ്പെട്ട ഒരാൾ മരിക്കുന്നത്.
1933ൽ ജനിച്ച തെരേസ ഫ്രാൻസിലാണ് പഠനം പൂർത്തിയാക്കിയത്. മാഡ്രിഡിലെ സർവകലാശാലയിൽ സാമൂഹിക ശാസ്ത്രം വിഭാഗത്തിൽ അദ്ധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവർ സാമൂഹിക കാര്യങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിൻസസ് എന്നാണ് സ്‌പെയിൻ സമൂഹം വിശേഷിപ്പിച്ചിരുന്നത്.
കൊറോണ ബാധ സ്ഥിരീകരിച്ച ആദ്യ രാജ്യ കുടുംബാംഗമായ ചാൾസ് രാജകുമാരന്റെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.