poster

തിരുവനന്തപുരം : കൊറോണ വ്യാപമാകുന്നതിനിടെ നമ്മുടെ ചെറിയ അശ്രദ്ധ പോലും അപകടകരമാണെന്ന് ഓർമ്മിപ്പിച്ച് ഒരു കൂട്ടം യുവാക്കൾ. പൊതുവേ മുൻകരുതലുകൾ പാലിക്കുമെങ്കിലും ഉണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും അപകടകരമാണെന്ന സന്ദേശം ഷോർട്ട് ഫിലിമിലൂടെ ഓർമ്മിപ്പിക്കുകയാണ് തിരുവനന്തപുരം പാച്ചല്ലൂരിലെ ഒരു കൂട്ടം യുവാക്കൾ. ജനത കർഫ്യൂ ദിനത്തിൽ ചിത്രീകരിച്ച് പിറ്റേദിവസം പുറത്തിറക്കിയ ഷോർട്ട് ഫിലിം ഇതിനോടകം ആറു ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു.

ഷോർട്ട് ഫിലിം ശ്രദ്ധയിൽപ്പെട്ട ഡി.ജി.പി ലോക്നാഥ് ബഹ്റ സംവിധായകനായ അഭിജിത്ത്.എം.നായരെ വിളിച്ച് അഭിനന്ദിക്കുകയും. ഷോർട്ട് ഫിലിം കേരള പൊലീന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളിലെത്തിക്കുകയും ചെയ്തു. ബസ് സ്‌റ്റോപ്പിലേയ്ക്ക് കൊറോണ ബാധിതനായ ഒരാൾ എത്തുന്നതു മുതലാണ് വീഡിയോ ആരംഭിക്കുന്നത്. ഇദ്ദേഹം പോയ ശേഷം മറ്റ് രണ്ടുപേർ ഇവിടെ എത്തുന്നു. ഇവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രണ്ട് വീടുകളില്ലുള്ള രണ്ടു പേരും പുറത്ത് ഇറങ്ങിയപ്പോൾ മാസ്ക് ധരിച്ചിരുന്നെങ്കിലും വീട്ടിൽ തിരിച്ചെത്തിയ ശേഷം ഇരുവരുടെയും പെരുമാറ്റം വ്യത്യസ്ത രീതികളിലായിരുന്നു. ഒരാൾ കൃത്യമായ ജാഗ്രത പാലിച്ചപ്പോൾ മറ്റൊരാൾ വീട്ടുനുള്ളിലെത്തിയ ശേഷം യാതാരു ശ്രദ്ധയും ഇല്ലാതെ കുഞ്ഞിനെപ്പോലും താലോലിക്കുന്നു. വീട്ടിനുള്ളിലെ ഓരോ ചുവടും ശ്രദ്ധയോടെ വേണമെന്ന ഓർപ്പെടുത്തലാണ് നാലു മിനിട്ട് ദൈർഘ്യമുള്ള സംഭാഷണങ്ങളില്ലാത്ത ഷോർട്ട് ഫിലിം നൽകുന്നത്.

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ അജിത്ത് വെണ്ണിയൂരാണ് ഷോർട്ട് ഫിലിമിൻറെ അവസാനം ശബ്ദസന്ദേശം നൽകിയിരിക്കുന്നത്. സിനിമ പ്രവർത്തകരായ രമേശ് സുകുമാരൻ, അരവിന്ദ് അജിത്, അഖിലേഷ് മുരുകൻ, ശ്രീജിത്ത് എം നായർ, വിഷ്ണു ശർമ്മ, രശ്മി കാർത്തിക എന്നിവരടങ്ങുന്ന ടീമാണ് ഷോർട്ട് ഫിലിം തയ്യാറാക്കിയിരിക്കുന്നത്.

വീഡിയോ