photo

നെടുമങ്ങാട്: നാടെങ്ങും കൊറോണ ഭീതിവിതക്കുമ്പോൾ കരളുറപ്പോടെ കർഷകർ കൃഷിപ്പാടത്തേക്ക് ഇറങ്ങുകയാണ്. നാട് മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടിനുള്ളിൽ കഴിയേണ്ടിവന്ന കൃഷിക്കാക്ക് വേനൽമഴപോലെ ആശ്വാസം നൽകിയിരിക്കുകയാണ് കമ്യൂണിറ്റി കിച്ചണുകൾ. സർക്കാർ മുന്നോട്ട് വച്ച എല്ലാ പ്രതിരോധങ്ങളും സ്വീകരിച്ചാണ് ഇവരുടെ കൃഷി. കമ്യൂണിറ്റികിച്ചൺ ആരംഭിച്ചതോടെ പച്ചക്കറി, വാഴപ്പഴം തുടങ്ങിയ കൃഷിക്ക് പുതുജീവൻ വന്നു. പാകമായ പച്ചക്കറികളും വാഴക്കുലകളും വിളവെടുക്കാതെ നശിക്കുമെന്ന ആശങ്കയ്ക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. കർഷകർ കൃഷിചെയ്യുന്ന ഉത്പന്നങ്ങൾ ഏറ്റെടുക്കുന്നതിനുള്ള സംഭരണ വിതരണ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം അഡ്വ.ആർ. ജയദേവൻ നിർവഹിച്ചു. ആർ. മധു, പി.ജി പ്രേമചന്ദ്രൻ,ടി.ആർ സുരേഷ്,റഹിം, ഗീതാകുമാരി, പി.രാജീവ്, അശോകൻ പഴകുറ്റി, ജയമോഹൻ എന്നിവർ വിവിധ സമയങ്ങളിലായി വിപണിക്ക് നേതൃത്വം നല്കി..

കൂടുതൽ വിവരങ്ങൾക്ക് 9447247175 ,9447695775. ..

കൊറോണ വില്ലനായതോടെ പ്രതിരോധത്തിലായത് മുഴുവനും കർഷകരാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഭൂരിഭാഗം പേരും 'പാട്ട കർഷകരാണ്". ഇവർക്ക് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി വെല്ലുവിളിയായത്. ഇതിൽ നിന്നും മുക്തി നേടാനൊരുങ്ങുകയാണ് ഇവിടുത്തെ സാധാരണക്കാരായ പാട്ട കർഷകർ. മുൻപ് പാടത്ത് സഹായത്തിന് പലരും ഉണ്ടായിരുന്നെങ്കിലും സർക്കാരിന്റെ നിർദേശം പാലിച്ച് ഒറ്റയ്ക്കാണ് ഈ കർഷകർ പാടത്തിറങ്ങുന്നത്.

ചുള്ളിമാനൂരിനു സമീപം മന്നൂർക്കോണത്ത് താമസിക്കുന്ന പുഷ്കരപിള്ള, നേരം വെളുക്കുംമുമ്പേ എട്ടു കിലോ മീറ്റർ കാൽനടയായി സഞ്ചരിച്ച് ആനാട് മൂഴിയിലെ വട്ടറത്തല ഏലായിലെത്തും. പയർ, വാഴയ്ക്ക, പാവൽ എന്നിവയ്ക്ക് അതിരാവിലെ വെള്ളം നനയ്ക്കാനാണ് ഈ പെടാപ്പാട്. ഇദ്ദേഹത്തിന്റെ കഷ്ടപ്പാട് കണ്ടറിഞ്ഞ്, കർഷകനെന്ന പരിഗണന നല്കണമെന്ന് അഭ്യർത്ഥിച്ച്‌ ആനാട് കൃഷി ഓഫീസർ നൽകിയ കത്തുമായാണ് നിരത്തിലൂടെയുള്ള സഞ്ചാരം.

ചെല്ലാംകോട്ട് ഏലായിലേക്ക് ചെന്നാൽ എട്ടേക്കർ പാട്ട ഭൂമിയിലൂടെ ഓടി നടക്കുന്ന തിമത്തിയോസ്‌ ചേട്ടനെ കാണാം. പുള്ളി നട്ട വെള്ളരി, ചീര എന്നിവയ്ക്ക് വെള്ളമൊഴിക്കുന്ന തിരക്കിലാവും. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യണ്ടേ.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാർക്കറ്റുകളെല്ലാം മരവിച്ചതോടെ ദുരിതത്തിലായ പച്ചക്കറി-വാഴ കൃഷിക്കാർക്ക് കൈത്താങ്ങായി കർഷക സംഘം. കൊറോണ വ്യാപനത്തെ തുടർന്ന് പച്ചക്കറി വിളകൾ വിറ്റഴിക്കാനാവാതെ കർഷകർ വലയുന്നത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ വിള സംഭരണത്തിന് കർഷക സംഘം പ്രവർത്തകർ മുന്നിട്ടിറങ്ങുകയായിരുന്നു. പൂവത്തൂർ, ആനാട് മേഖലകളിലെ കൃഷിക്കാരിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ താൽക്കാലിക കേന്ദ്രത്തിലാണ് വിറ്റഴിച്ചത്. ചൊവ്വ , ശനി ദിവസങ്ങളിലും പൊലീസ് പാസ് ഉപയോഗിച്ച് രാവിലെ 6 മുതൽ 7.30 വരെ കൃഷിക്കാരിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് സംഭരിച്ച് 8 മുതൽ പൊതുചന്തയിൽ വിതരണം ചെയ്യാനാണ് തീരുമാനം.