stikkar

മുടപുരം : കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീട്ടിനു മുന്നിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റിക്കറുകൾ പതിച്ചു തുടങ്ങി.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണിത്. ബ്ലോക്കുതല സ്റ്റിക്കർ പതിക്കൽ അഞ്ചുതെങ്ങിൽ ആരോഗ്യ പ്രവർത്തകരുടെയുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.വിദേശത്തുനിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീട്ടിനു മുന്നിലാണ്, നാട്ടിലെത്തിയ തീയതി, നിരീക്ഷണം കഴിയുന്ന തീയതി ,നിരീക്ഷണത്തിൽ കഴിയുന്നവരുടെ പേരുവിവരം എന്നീ പ്രധാനവിവരങ്ങളടങ്ങിയ സ്റ്റിക്കറുകൾ പതിക്കുന്നത്. അഞ്ചുതെങ്ങ് മെഡിക്കലാഫീസർ ഡോ. ഷ്യാംജി വോയ്സ്, ഹെൽത്ത് സൂപ്പർവൈസർ മുരളീധരൻ, ജൂനിയർ പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത്, ജൂനിയർ പബ്ളിക്ക് ഹെൽത്ത് നഴ്സ് അനീഷ, അഞ്ചുതെങ്ങ് അഡിഷണൽ സബ് ഇൻസ്പെക്ടർ സുനിൽകുമാർ, ആശാ വർക്കർമാരായ ബേബി അനിത, ഷീബ, കുമാരി തങ്കം എന്നിവർ പങ്കെടുത്തു.