തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങൾ ഒരു മീറ്റർ അകലം പാലിക്കുന്നതിനായി രേഖകൾ മാർക്ക് ചെയ്യണമെന്ന് കർശന നിർദേശം. കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നിർദേശം കടുപ്പിച്ചത്. അവശ്യസാധന സാമഗ്രികൾ വിൽക്കുന്ന കടകളുടെ മുൻവശത്ത് കടയുടമകൾ ഒരു മീറ്റർ വീതം അകലം പാലിച്ച് വരകൾ വരയ്ക്കണം. ഇത് തഹസിൽദാർമാരുടെ നേതൃത്വത്തിൽ പരിശോധിക്കും.
രേഖ അടയാളപ്പെടുത്താത്ത കടകളിൽ കൃത്യ അകലം പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടാൽ കട അടച്ചു പൂട്ടും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു മീറ്റർ അകലത്തിൽ രേഖകൾ വരയ്ക്കുന്നത് ഉറപ്പുവരുത്തേണ്ടത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തി അവർ ജില്ലാ മെഡിക്കൽ ഓഫീസറിന് റിപ്പോർട്ട് നൽകണം.