പാലോട് :നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്ത് പരിധിയിൽ ഇരുചക്രവാഹനക്കാർ പുറത്തുനിന്ന് കൂട്ടമായി എത്തുന്നതിൽ നാട്ടുകാർക്ക് ആശങ്ക.പുലിയൂർ വഴിയും പ്ലാവറ വഴിയും പുളിമൂട് കയറി ഇത്തരത്തിൽ ധാരാളം ആളുകൾ വാഹനങ്ങളിലെത്തുന്നുണ്ടെന്നാണ് അവർ പറയുന്നത്.കൊറോണ ഭീതിയെ തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാനുള്ള കുറുക്കുവഴിയായിട്ടാണ് പലരും ഈ വഴിയെ ആശ്രയിക്കുന്നത്. ആദിവാസി മേഖലകളായ ഇലഞ്ചിയം,ആലുമ്മൂട്,ഞാറനീലി,ഈയ്യക്കോട് എന്നിവിടങ്ങളിലൂടെ കൂട്ടമായി കടന്നുപോകുന്ന ഇവർ കടകളിൽ കയറിയിറങ്ങാറുണ്ടെന്നും അറിയുന്നു.അപരിചിതരുടെ കൂട്ടത്തിൽ കൊറോണ ബാധിതരും ഉണ്ടാകുമെന്ന ഭയമാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് അടിസ്ഥാനം. നാട്ടുകാർ ചിലരെ തടഞ്ഞുവച്ചെങ്കിലും യാത്ര നിർബാധം തുടരുകയാണ്.

പട്രോളിംഗ് ശക്തമാക്കി

അപരിചിതർ കൂട്ടമായി കടന്നുപോകുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇലഞ്ചിയം,ആലുമ്മൂട്, കാട്ടില കുഴി,ചിറ്റൂർ തുടങ്ങിയ ആദിവാസി മേഖലകളിൽ ജീപ്പ് പട്രോളിംഗും, കൊച്ചുതാന്നിമൂട്, ഇലവു പാലം പ്രദേശങ്ങളിൽ ബൈക്ക് പട്രോളിംഗും,ജനമൈത്രി ബീറ്റും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പാലോട് സി.ഐ സി.കെ.മനോജ് പറഞ്ഞു.പുലിയൂർ,പുളിമൂട് പ്രദേശങ്ങളിൽ ഇന്ന് മുതൽ ശക്തമായ പരിശോധന ഉണ്ടാകും.ഈ പ്രദേശങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.