hilda

ലണ്ടൻ: രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ചു, 1918ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂവെന്ന മഹാമാരിയേയും ചെറുത്തു. എന്നാൽ കൊറോണയ്ക്ക് മുന്നിൽ ഹിൽഡാ ചർച്ചിലിന് പിടിച്ചു നില്ക്കാനായില്ല. ഇംഗ്ലണ്ടിൽ കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 108കാരിയായ ഹിൽഡാ ചർച്ചിൽ. കൊറോണ പോസിറ്റീവ് പരിശോധനാ ഫലം വന്ന് 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹിൽഡ മരണത്തിന് കീഴടങ്ങി. വരുന്ന ഏപ്രിൽ 5ന് പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ഈ മുത്തശ്ശിയുടെ വിടവാങ്ങൽ. വ്യാഴാഴ്ച മുതലാണ് ഹിൽഡ ചെറിയ തോതിൽ കൊറോണ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത്. സാൽഫോർഡ് സിറ്റിയിലെ കെയർഹോമിൽ വച്ചായിരുന്നു ഹിൽഡയുടെ അന്ത്യം.

കെയർഹോമിൽ ഐസൊലേഷനിലായിരുന്നു ഹിൽഡ. 1918ൽ സ്പാനിഷ് ഫ്ലൂ ലോകത്തെ വിറപ്പിച്ചപ്പോൾ ഹിൽഡയ്ക്ക് 7 വയസായിരുന്നു. ലോകമെമ്പാടുമുള്ള 50 ദശലക്ഷം പേരുടെ ജീവനാണ് സ്പാനിഷ് ഫ്ലൂ കവർന്നത്. 11 മാസം പ്രായമുണ്ടായിരുന്ന ഹിൽഡയുടെ സഹോദരിയും സ്പാനിഷ് ഫ്ലൂ ബാധിച്ച് മരിച്ചിരുന്നു. പിന്നീട് സാൽഫോർഡിലെത്തിയ ഹിൽഡയ്ക്ക് തയ്യൽജോലിയായിരുന്നു.

ഹിൽഡയ്ക്ക് പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു. ജീവിതത്തിൽ ഇന്നേ വരെ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. പത്ത് മാസം മുമ്പാണ് കെയർഹോമിലെത്തുന്നത്. നാല് മക്കളും പതിനൊന്ന് ചെറുമക്കളും അവരുടെ 14 മക്കളുമടങ്ങിയതാണ് ഹിൽഡയുടെ കുടുംബം. ഇംഗ്ലണ്ടിൽ ഇതേവരെ 1,019 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 17,089 പേർക്ക് രോഗം സ്ഥിരീകരിച്ചു.