test-kit

തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് കടക്കുന്നുണ്ടോ എന്നറിയാൻ പെട്ടെന്ന് രോഗനിർണയം സാദ്ധ്യമാക്കുന്ന റാപ്പിഡ് ടെസ്റ്റ് നടത്താൻ സർക്കാർ നടപടി തുടങ്ങി. ഇതിന് ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ (ഐ.സി.എം.ആർ )​ അനുമതിയും ലഭിച്ചു.

എന്താണ് റാപ്പിഡ് ടെസ്റ്റ്?

രക്ത പരിശോധനയാണിത്. ശരീരത്തിൽ കടക്കുന്ന വൈറസിനെ നേരിടാൻ രക്തത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് രോഗനിർണയം നടത്തും. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ദിവസങ്ങൾക്കകം രക്തത്തിൽ ആന്റിബോഡികൾ നിർമ്മിച്ച് തുടങ്ങും. ഈ ആന്റിബോഡികളെ അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റ്. ഏത് വൈറസിനും സമൂഹവ്യാപനം ഉണ്ടായോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റാണ് ഉപയോഗിക്കുന്നത്.

മേന്മകൾ

# രോഗനിർണയത്തിന് ദിവസങ്ങൾ കാത്തിരിക്കേണ്ട.

# 10 - 30 മിനിറ്റിനുള്ളിൽ ഫലം അറിയാം.

# വൈറസ് ബാധിച്ചവരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും മുമ്പ് കണ്ടെത്താം

# രോഗികളെ നേരത്തേ കണ്ടെത്തി,​ സമൂഹത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാം.

# ഗുണമേന്മയുള്ള പരിശോധനാകിറ്റുകൾ ഉയോഗിച്ചാൽ വളരെയധികം ആളുകളുടെ പരിശോധനകൾ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് കണ്ടെത്താം.

# ചെലവ് വളരെ കുറവ്.

പോരായ്‌മ

#വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞാലേ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടൂ. അപ്പോഴേ റാപ്പിഡ് ടെസ്റ്റിലൂടെ അറിയാൻ സാധിക്കൂ.

# ടെസ്റ്റ് എവിടെയെല്ലാം

ഐ.സി.എം.ആറിന്റെ അനുമതിയുള്ള സർക്കാർ, സ്വകാര്യ ലാബുകളിൽ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താവൂ. ടെസ്റ്റ് നടത്താൻ ഡോക്ടറുടെ കുറിപ്പടി അത്യാവശ്യം.

# ആരൊക്കെ ടെസ്റ്റ് നടത്തണം?

വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ, അവരുമായി സമ്പർക്കം പുലർത്തിയവർ, കൊറോണ ബാധിച്ചെന്ന് ഡോക്ടർമാർ സംശയിക്കുന്നവർ, കൊറോണ രോഗികളെ പരിചരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങൾ, ഗുരുതര ശ്വാസകോശ രോഗങ്ങളിൽ നിന്ന് മുക്തി നേടിയവർ

#റാപ്പിഡ് ടെസ്റ്റിന്റെ നേട്ടം

നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാം. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കാനും ആവശ്യമുള്ളവർക്ക് വിദഗ്ദ്ധ പരിശോധനയും ചികിത്സയും നൽകാനും സഹായിക്കും. അത് സമൂഹ വ്യാപനം തടയും.