ആറ്റിങ്ങൽ: ഈ കൊറോണക്കാലത്ത് ദിവസങ്ങൾ തള്ളിനീക്കാൻ ബുദ്ധിമുട്ടുന്നവർക്ക് വീട്ടിലൊരു കൃഷിത്തോട്ടം തയ്യാറാക്കാം. വീടുകളിൽ അടച്ചുമൂടിയിരുന്ന് മനസും ശരീരവും മുഷിപ്പിക്കാതെ ചെറുപച്ചക്കറിത്തോട്ടം നിർമ്മിച്ച് വീട്ടിന്റെയും നാടിന്റെയും വളർച്ചയ്ക്കായി കൈകോർക്കാനുള്ള അവസരമാണിത്. 21 ദിവസം കൊണ്ട് വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിക്കൂടേ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം നിലവിലെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. വന്നതിനെ ഓർത്ത് വിഷമിക്കാതെ വരാനിരിക്കുന്ന ഭവിഷത്തിനെ നേരിടാൻ മുൻകൂട്ടി കാര്യങ്ങൾ പ്രാവർത്തികമാക്കുകയാണ് ശരിയായ പോംവഴി. ഇതുവഴി വിഷമില്ലാത്ത പച്ചക്കറി ജൈവരീതിയിൽ ഉത്പാദിപ്പിക്കാനുമാകും.

വീണ്ടെടുക്കണം നമ്മുടെ കാർഷിക സംസ്‌കാരം
-----------------------------------------------------------------------------

വീടുകളിൽ പച്ചക്കറിത്തോട്ടം ഓരോ റസിഡന്റ്സ് അസോസിയേഷനുകളും ഇതിനായി മുൻകൈ എടുക്കണം. അതിനുള്ള തൈകൾ വിതരണം ചെയ്യാൻ കൃഷിവകുപ്പുമായി സഹകരിച്ച് അവസരമൊരുക്കണം. ജൈവ കൃഷിയാണ് നല്ലത്. ടെറസിലോ ഗ്രോബാഗിലോ വീട്ടിൽ അരിയും ആട്ടയും വാങ്ങുന്ന സഞ്ചികളിലോ ചാക്കുകളിലോ കൃഷിചെയ്യാം. തൈകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നേരിട്ട് കൃഷി ഭവനുമായി ബന്ധപ്പെട്ട് വിത്തുകൾ സമാഹരിച്ച് തൈകൾ വളർത്താം. കീടങ്ങളെ തുരത്താൻ ദിവസവും നിരീക്ഷിക്കുക എന്നതാണ് പ്രാധാന്യം. പൂഴുക്കളെ പെറുക്കിയെടുത്ത് കൊല്ലുക,​ വേപ്പണ്ണ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുക എന്നിവയെല്ലാം നല്ലതാണ്. കൂടാതെ ഓരോ ഐറ്റവും കൃഷി ചെയ്യുന്നതിനുള്ള രീതിയെക്കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും പ്രയോഗിക്കേണ്ട കീടനാശിനികളെകുറിച്ചുമെല്ലാം കൃഷി ഓഫീസറുമായി ബന്ധപ്പെടാം.

വീട്ടിലൊരുക്കാം കൃഷിത്തോട്ടം
-------------------------------------------------------

20 മൂട് ചീര,​
10 മൂട് വെണ്ട,​
10 മൂട് വഴുതിന,​
10 മൂട് പച്ചമുളക്,​
10 മൂട് തക്കാളി,​
10 മൂട് വള്ളിപ്പയ‌‌ർ

വീടിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാം
--------------------------------------------------------------------------

വീടുകളിൽ കഴിയുന്നവർ വിരസത മാറ്റാൻ കൃഷിയിലേക്ക് ഇറങ്ങണം. മാനസിക ഉല്ലാസത്തിനും ശാരീരിക ആരോഗ്യത്തിനും കുടുംബ ഐക്യത്തിനും ഇത് നല്ലതാണ്. ഈ ദുരിതകാലത്ത് മലയാളിയുടെ കരുത്തിനെ ക്രിയാത്മകമായി രീതിയിൽ മാറ്റണം. ഒരു വീട്ടിന് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കാൻ നമുക്ക് തന്നെ കഴിയും. ഇതുവഴി ശരാശരി മലയാളിയുടെ പാരമ്പര്യമായ കാർഷിക ജീവിതം നമുക്ക് തിരിച്ചുലഭിക്കും.

ആർ. ഹേലി,​ കൃഷിവകുപ്പ് മുൻ ഡയറക്ടർ