വാമനപുരം :കൊറോണ പ്രതിരോധം ഊർജ്ജിതമാക്കി വാമനപുരം. പഞ്ചായത്തുകൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരെല്ലാം സജീവമായി പ്രതിരോധ രംഗത്തുണ്ട്.സർക്കാർ ആശുപത്രികളെല്ലാം ജാഗ്രതയിലാണ്. നിയോജക മണ്ഡലത്തിൽ എണ്ണൂറ്റി ഇരുപത്തിനാലു പേർ കോറന്റയിനിലാണ്. ഭാവിയിൽ ഐസൊലേഷൻ വാർഡുകൾ വേണ്ടിവന്നാൽ വാമനപുരം കുടുംബ ആരോഗ്യ കേന്ദ്രം,കല്ലറ,പാലോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഗോകുലം മെഡിക്കൽ കോളേജ്,വെഞ്ഞാറമൂട് ഗവ.എച്ച്.എസ്.എസ്.എസ് എന്നിവയെല്ലാം സജ്ജമാണ്. സാമൂഹിക അടുക്കളകൾ വഴി എല്ലാ പഞ്ചായത്തുകളിലും ഭക്ഷണം എത്തിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകൾ മുൻകൈയെടുത്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.വാമനപുരം നിയോജകമണ്ഡലം ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കിയും നിശ്ചിത അകലം പാലിച്ചും ജനങ്ങൾ സഹകരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു.