തിരുവനന്തപുരം:കൊറോണ ലോക്ക് ഡൗണിനിടെ വൃദ്ധയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ വിഷമിച്ച മകൾക്ക് ഫയർഫോഴ്‌സ് തുണയായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകനും മരുമകനുമെത്താതിരിക്കെ, സംസ്‌കാരം നടത്താൻ സഹായിച്ചതും ഫയർഫോഴ്സ് . ആറ്റുകാൽ മേടമുക്ക് ലക്ഷ്‌മി മന്ദിരത്തിൽ സരസ്വതിയമ്മ (86)യാണ് ഇന്നലെ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം .
സരസ്വതിയമ്മ മകൾ പ്രീതയ്ക്കൊപ്പം ശാസ്തമംഗലത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഹൃദ്രോഗ ചികിത്സയിൽ ആയിരുന്ന സരസ്വതിയമ്മയ്ക്ക് ഇന്നലെ രാവിലെ 11 മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും വീട്ടിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ലോക്ക് ഡൗണായതിനാൽ അമ്മയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെവന്ന പ്രീത, ഫയർഫോഴ്സിന്റെ സഹായം തേടി. ഉടൻതന്നെ സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുധിൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘമെത്തി സ്വകാര്യ ആംബുലൻസിൽ സരസ്വതിയമ്മയെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് കൊച്ചിയിലുള്ള മകൻ ജയനെയും പ്രീതയുടെ മുംബയിലുള്ള ഭർത്താവ് ബി.എസ്.വല്യത്താനെയും വിവരം അറിയിച്ചു. എന്നാൽ, രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇവർക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയായിരുന്നു.ഫയർഫോഴ്സിന്റെ മേൽനോട്ടത്തിൽത്തന്നെ മൃതദേഹം സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ നിന്ന് ശാന്തികവാടത്തിലെത്തിച്ചു. പ്രീതയാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. കൊറോണ രോഗഭീതിയാൽ സംസ്‌കാര ചടങ്ങിൽ ചുരുക്കംപേരെ പങ്കെടുത്തുള്ളൂ. എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു.