ചിറയിൻകീഴ് :മംഗലപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ വീടില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കും ഭക്ഷണം ഇല്ലാത്തതുമായ ആൾക്കാർക്കായി പാട്ടം എൽ.പി.എസിൽ മംഗലാപുരം ഗ്രാമ പഞ്ചായത്ത് ഷെൽട്ടർ ഒരുക്കി.മംഗലാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തന പരിധിയിൽ വരുന്ന കിടപ്പ് രോഗികൾക്കും മറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ആശാവർക്കർമാർ വഴി ഒരുമാസത്തെ മരുന്ന് എത്തിച്ചു തുടങ്ങി.മുരുക്കുംപുഴ ഇടവിളകം തെക്കത്ത് പുന്നമൂട് വീട്ടിൽ മൂന്നുവർഷമായി ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയ സ്ട്രോക്ക് ബാധിച്ച് കിടപ്പിലായ സലീമിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ആഹാരവും മരുന്നും നൽകി.തുടർചികിത്സ സംവിധാനമൊരുക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളകം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലാപുരം ഷാഫി, പഞ്ചായത്ത് അംഗം ഷാനവാസ്, ആശാവർക്കർ സന്ധ്യ, പൊതുപ്രവർത്തകൻ ലാൽ ഇടവിളകം എന്നിവർ ഒപ്പമുണ്ടായിരുന്നു.