corona

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് സഹായം നൽകാൻ കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ ക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി. എല്ലാ അന്തർസംസ്ഥാന സാധനലഭ്യതയ്ക്കും ചരക്കുനീക്കത്തിനും പൊതുഭരണഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ഫിനാൻസ് (എക്സ്‌പെൻഡിച്ചർ) സെക്രട്ടറി സഞ്ജയ് എം. കൗൾ സഹായം നൽകും. കൊറോണാ വ്യാപനം തടയാനുള്ള കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് കാസർകോട് എത്തി മേൽനോട്ടം വഹിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് ശർമയ്ക്ക് ചുമതല നൽകി. റവന്യൂദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവിനെ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് ഡയറക്ടർ യു.വി. ജോസ് സഹായിക്കും.
അവശ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കുന്നതിൽ ഭക്ഷ്യസിവൽ സപ്ലൈസ് സെക്രട്ടറി പി. വേണുഗോപാലിന് എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ പിന്തുണ നൽകും.
അതിഥി തൊഴിലാളികളുടെ ക്ഷേമം, താമസം എന്നീ വിഷയങ്ങളിൽ ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥിന് കെ. ബിജു സഹായങ്ങൾ നൽകുമെന്നും ഉത്തരവിൽ പറയുന്നു. ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു വകുപ്പു സെക്രട്ടറിയും കൊറോണ സംബന്ധിച്ച വിഷയങ്ങളിൽ ഉത്തരവുകളോ നിർദ്ദേശങ്ങളോ പുറത്തിറക്കരുതെന്നും നിർദ്ദേശമുണ്ട്.