സൂചന നൽകി മുഖ്യമന്ത്രി  തൊഴിലാളികളുടെ പലായനം കേന്ദ്രം വിലക്കി

അതിർത്തികൾ അടയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പായിപ്പാട്ട് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് കൊറോണ ലോക്ക്ഡൗൺ ലംഘിച്ച് ഇന്നലെ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന് പിന്നിൽ സമൂഹത്തെ ദ്രോഹിക്കാനുള്ള കടുത്ത ഗൂഢാലോചനയുണ്ടെന്ന സംശയം ശക്തമായി.

കൊറോണ പ്രതിരോധത്തിന് സാമൂഹ്യ അകലം പാലിക്കണമെന്ന പ്രാഥമിക നിർദ്ദേശം പോലും ലംഘിച്ച് ഇവർ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു. മാരകമായ രോഗം പരക്കുന്നതിനിടെ നാട്ടിലേക്ക് മടങ്ങാമെന്ന് വ്യാമോഹിപ്പിച്ച് ഇവരെ തെരുവിലിറക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് പൊതുവായ ആശങ്ക.

സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികളാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അന്യദേശ തൊഴിലാളികൾക്കിടയിൽ നാട്ടിലേക്കു പോകാമെന്ന വ്യാമോഹം ഉണർത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങൾ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ട്. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയത് കൊറോണ പ്രതിരോധത്തിന്റെ അടിസ്ഥാന സ്വഭാവത്തിനു വിരുദ്ധമാണ്. സംഭവം ദൗർഭാഗ്യകരമാണെന്നും അതിനിടയാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ ഭീതിയിൽ വീടുകൾ അടച്ചിരുന്ന കേരളത്തെ അമ്പരപ്പിച്ച് ഇന്നലെ രാവിലെ 11 ഓടെയാണ് അന്യദേശ തൊഴിലാളികൾ പായിപ്പാട്ട് തെരുവിൽ ഇറങ്ങിയത്. മൂന്ന് മണിക്കൂറോളം നീണ്ട സംഘർഷം ലാത്തിച്ചാർജിനും ഇടയാക്കി. ഏതാനും ദിവസങ്ങളായി ഡൽഹിയിൽ നിന്നുൾപ്പെടെ തൊഴിലാളികൾ ലോക്ഡൗൺ ലംഘിച്ച് പലായനം തുടങ്ങിയിരുന്നു.ഇന്നലെ സ്ഥിതി വിലയിരുത്തിയ കേന്ദ്ര സർക്കാർ,​ തൊഴിലാളികളുടെ പലായനം തടയാൻ അതിർത്തികൾ അടയ്‌ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. ലംഘിക്കുന്നവരെ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ പാർപ്പിക്കാനും കേന്ദ്രം ഉത്തരവിട്ടു.

പായിപ്പാട്ട് സംഭവിച്ചത്

ഭക്ഷണവും വെള്ളവുമില്ലെന്നും താമസസൗകര്യമില്ലെന്നും ആരോപിച്ച് തൊഴിലാളി ക്യാമ്പുകളിൽ പ്രശ്നമുണ്ടായിരുന്നു. ശനിയാഴ്‌ച കളക്ടർ പി.കെ.സുധീർ ബാബു ക്യാമ്പുളിലെത്തി അടിയന്തര നടപടികൾ നിദേശിച്ചിരുന്നു. തൊഴിൽ ഉടമകളുടെ യോഗവും ചേർന്നു. ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു.

ശനിയാഴ്ച വൈകിട്ട് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ ശബ്ദസന്ദേശം പ്രചരിച്ചു. ഡൽഹിയിലടക്കം തൊഴിലാളികളെ വീടുകളിൽ എത്തിച്ചെന്നും, കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നുമായിരുന്നു സന്ദേശം. തുടർന്ന് ഇന്നലെ രാവിലെ തൊഴിലാളികൾ തെരുവിൽ ഇറങ്ങുകയായിരുന്നു. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെയും മറ്റും നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം സംസാരിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല. തുടർന്നാണ് ലാത്തി വീശിയത്. കാര്യങ്ങൾ കൈവിടുമെന്ന് വന്നതോടെ കളക്ടർ സുധീർ ബാബുവും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവും പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ഉച്ചയ്‌ക്ക് രണ്ടോടെയാണ് ശാന്തമായത്. തുടർന്ന് മന്ത്രി പി.തിലോത്തമനും സ്ഥലത്തെത്തി.