കോവളം:കമ്മ്യൂണിറ്റി കിച്ചണുകളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം. വെങ്ങാനൂർ, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾക്കാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയത്.കഴിഞ്ഞ ദിവസങ്ങളിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിവിളയിലും കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ മൂലക്കരയിലും ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചണുകളിൽ യുവാക്കളും ജനപ്രതിനിധികും കൂട്ടമായി നിന്ന് സെൽഫിയെടുത്തത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആൾക്കൂട്ടം ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്.എന്നാൽ കമ്മ്യൂണിറ്റി കിച്ചണുകൾ ചിലയിടങ്ങളിൽ രാഷ്ട്രീയവൽക്കരിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.