ksrtc-

തിരുവനന്തപുരം: നാടിനൊരാപത്ത് വരുമ്പോൾ ഓടിയെത്താൻ കെ.എസ്.ആർ.ടി.സിയേ ഉണ്ടാകൂ എന്ന് കൊറോണാ കാലത്തും തെളിഞ്ഞു. മുമ്പ് രണ്ട് പ്രളയമുണ്ടായപ്പോഴും ദു‌ർഘടപാതകൾ താണ്ടിയെത്താൻ കെ.എസ്.ആ‌ർ.ടി.സി ഉണ്ടായിരുന്നു. ഇപ്പോൾ കൊറോണാ കാലത്തും അത്യാവശ്യക്കാർക്ക് രക്ഷയാകുന്നത് കെ.എസ്.ആർ.ടി.സി മാത്രമാണ്.

സംസ്ഥാനത്താകെ മെ‌ഡിക്കൽ കോളേജുകളിലും മറ്റ് കൊറോണാ കെയർ സെന്ററുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ താമസ സ്ഥലത്തു നിന്നും ആശുപത്രികളെത്തിക്കുന്നതും തിരിച്ചെത്തിക്കുന്നതുമെല്ലാം കെ.എസ്.ആർ.ടി.സി ബസിലാണ്. സംസ്ഥാനത്തേക്ക് അവസാനം ഓടിയെത്തിയ ട്രെയിനിലെ യാത്രക്കാരേയും ജീവനക്കാരേയും നീരീക്ഷണ കേന്ദ്രങ്ങളിലേക്കു കൊണ്ടു പോകാനം മടിയേതും കൂടാതെ എത്തിയതും കെ.എസ്.ആർ.ടി.സി ബസുകൾ.

കൊറാണക്കാലത്ത ശുചീകരണം ഏറ്റെടുത്ത് നടത്തിവരുന്ന ഫയർഫോഴ്സിന്റെ വാഹനങ്ങളുടെ തകരാറ് പരിഹരിക്കാനും എത്തുന്നത് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികളാണ്. പാലക്കാട് നീരീക്ഷണത്തിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിക്കാൻ ജില്ലാ ഭരണകൂടം ആശ്രയിച്ചതും കെ.എസ്.ആർ.ടി.സിയെയാണ്.

തമിഴ്നാട്ടിൽ നിന്നും ചരക്ക് കയറ്റുന്നതിന് അവിടത്തെ മാർക്കറ്റകളിലെ തൊഴിലാളികൾ വിസമ്മതിച്ചപ്പോൾ ഇവിടെ നിന്നും തൊഴിലാളികളെ അവിടെ എത്തിച്ചത് കെ.എസ്.ആർ.ടി.സിയായിരുന്നു. പത്ത് ചരക്ക് ലോറികൾക്ക് ഒരു ബസ് എന്ന ക്രമത്തിലായിരുന്നു ഓപ്പറേഷൻ. അതാത് ജില്ലാ കളക്ടർമാർ കോർപ്പറേഷന്റെ മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടർമാരുമായി ബന്ധപ്പെട്ടാണ് വേണ്ട സംവിധാനം ഒരുക്കുന്നത്.

 ശുചീകരിക്കുന്നത് ഫയർഫോഴ്സ്

ബസുകൾ സർവീസിനയക്കു മുമ്പും ശേഷവും വെള്ളം അടിച്ച് കഴുകി. പിന്നെ അണുവിമുക്തമാക്കുന്നത് ഫയ‌ർഫോഴ്സ് ജീവനക്കാരാണ്. ഇതിനായി എല്ലാ ഡിപ്പോയിലും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

 സജ്ജീകരണം ഇങ്ങനെ

ഓരോ ‌‌ഡിപ്പോയിലും സജ്ജമാക്കി നിറുത്തത് 10 ബസുകൾ

എല്ലായിടത്തും റെ‌ഡിയായി 10 ഡ്രൈവർമാർ

ആവശ്യമുള്ളിടത്ത് കൂടുതൽ ബസുകളും ഡ്രൈവർമാരും