തിരുവനന്തപുരം: ജില്ലയിൽ ഒരാൾക്കു കൂടി കൊറോണ പരിശോധനാ ഫലം പോസിറ്റീവായി. ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഇതിൽ രണ്ടുപേർ സുഖം പ്രാപിച്ചു. ആറുപേർ ചികിത്സയിലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശി മെഡിക്കൽ കോളേജ് ഐസൊലേഷൻ ഐ.സി.യുവിൽ നിരീക്ഷണത്തിലുണ്ട്. രോഗിയുടെ വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുന്നു. നേരത്തെ പോസിറ്റീവായവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ പുതുതായി 285 പേർ നിരീക്ഷണത്തിലായി. വിവിധ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 52 ഉം ജനറൽ ആശുപത്രിയിൽ 16ഉം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ രണ്ടും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും എസ്.എ.ടിയിലും ഒമ്പതും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും കിംസിൽ മൂന്നും അനന്തപുരി ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 93 പേർ ചികിത്സയിലുണ്ട്. 18145 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്. ഇന്നലെ 23 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1278 സാമ്പിളുകളിൽ 1174 പരിശോധനാഫലം ഇതുവരെ ലഭിച്ചു. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 79 പേരെയും വിമൻസ് ഹോസ്റ്റലിൽ 51 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 28 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 18 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ ഒരാളെയും വിഴിഞ്ഞം സെന്റ് മേരീസ് സ്‌കൂളിൽ 28 പേരെയും പുല്ലുവിള ലിയോ തേർട്ടീന്ത് സ്‌കൂളിൽ 108 പേരെയും പൊഴിയൂർ എൽ.പി.സ്‌കൂളിൽ 227 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 559 പേരാണ് നിരീക്ഷണത്തിലുള്ളത്.
സ്‌ക്രീനിംഗ് നടത്തി
അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 2516 വാഹനങ്ങളിലെ 3732 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന ഒരാളെ കണ്ടെത്തി. കളക്ടറേറ്റ് കൺട്രോൾ റൂമിൽ 318 കാളുകളും ദിശ കാൾ സെന്ററിൽ 293 കാളുകളുമാണ് ഇന്നലെ എത്തിയത്. ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 2979 ടീമുകൾ ഇന്നലെ 10049 വീടുകൾ സന്ദർശിച്ചു.