medicine

തിരുവനന്തപുരം: കൊറോണ ഭീതിയിൽ മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്ന പ്രവണത ആളുകളിൽ വർദ്ധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. കൊറോണ നിയന്ത്രിക്കുന്നതിന് നഗരങ്ങളിൽ കൂടുതലാളുകൾ എത്താതിരിക്കാൻ അധികൃതർ ശ്രമിക്കുമ്പോഴും മെഡിക്കൽ ഷോപ്പുകളിൽ കച്ചവടം വർദ്ധിക്കുകയാണ്. ഭാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ മരുന്നുകൾ കിട്ടാതാകുമോ എന്ന ഭയമാണ് ആളുകളെ മരുന്നുകൾ വൻ തോതിൽ വാങ്ങിക്കൂട്ടുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് ഡോ.അമർ ഫെറ്റൽ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

കൊറോണ പിടിവിട്ടു പോയാൽ വീടിന് പുറത്തിറങ്ങുക കൂടുതൽ അപകടകരമാകുമെന്ന ഭയവും ആളുകളെ വൻ തോതിൽ മരുന്ന് വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നു. അരിയും പല വ്യഞ്ജനങ്ങളും വാങ്ങുന്നതു പോലെ മരുന്നുകളും വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് കാണുന്നത്. തിരക്ക് ക്രമാതീതമാവുമ്പോൾ ടോക്കണുകൾ നൽകുകയാണ് ചില പ്രധാന മെഡിക്കൽ ഷോപ്പുകാർ ചെയ്യുന്നത്.

അതേസമയം മരുന്നുകൾ അവശ്യവസ്തു ആയതിനാൽ ഇവയുടെ ലഭ്യതയ്ക്ക് ഒരു കാലത്തും കുറവ് വരില്ല. ഇതറിയാതെയാണ് പലരും മരുന്നുകൾ വലിയ തോതിൽ വാങ്ങിക്കൂട്ടുന്നത്. സാധാരണ ഗതിയിൽ പത്തും പതിനഞ്ചും ദിവസത്തേക്ക് വാങ്ങുന്നവർ രണ്ടും മൂന്നും മാസത്തേക്ക് മരുന്ന് വേണം എന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം, നാഡീരോഗം എന്നിവയ്ക്കുള്ള മരുന്നുകളാണ് കൂടുതലായും ചെലവാകുന്നത്. സ്ഥിരമായി ഇങ്ങനെ ആളുകളെത്താൻ തുടങ്ങിയതോടെ അവർ പറയുന്ന അളവിൽ മരുന്ന് കൊടുക്കാനില്ലെന്ന് മെഡിക്കൽ ഷോപ്പുകാർക്ക് പറയേണ്ടി വരുന്നു. രണ്ടു മാസത്തേക്ക് ആവശ്യപ്പെടുന്നവർക്ക് ഒരു മാസത്തേക്ക് നൽകിയും മറ്റും താത്കാലികമായി പ്രശ്നം പരിഹരിക്കുകയാണിപ്പോൾ മെഡിക്കൽ ഷോപ്പുകാർ. മരുന്നിന് ക്ഷാമമുണ്ടാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്ന് ഫാർമസി രംഗത്തുള്ളവർക്കും ആശങ്കയുണ്ട്. അതേസമയം മൊത്ത കച്ചവടക്കാരിൽ നിന്നും മെഡിക്കൽ ഷോപ്പുകാർക്ക് ആവശ്യത്തിന് മരുന്ന് കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നു. ചില മൊത്ത കച്ചവട സ്ഥാപനങ്ങൾ ജീവനക്കാർക്ക് വരാൻ കഴിയാതായതോടെ അടച്ചിട്ടു.