horticorp

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ വിവിധ ജില്ലകളിലെ കർഷകരിൽ നിന്നും പഴം-പച്ചക്കറികൾ സംഭരിച്ച് വിപണനം നടത്തുന്നതിനായി ഹോർട്ടികോർപ്പ് വിവിധ പദ്ധതികൾക്കു രൂപം നൽകി. പ്രാദേശിക ഉത്പാദന കേന്ദ്രങ്ങളിലെ കർഷകരിൽനിന്നും പഴം-പച്ചക്കറികൾ പ്രത്യേക സംവിധാനത്തിലൂടെ സംഭരിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പിന്റെ 100 വിപണികൾ വഴിയും 200 ഫ്രാഞ്ചൈസികൾ വഴിയും ഉപഭോക്താക്കൾക്ക് എത്തിക്കും.

സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകളിലും സാമൂഹിക സുരക്ഷാ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്കും സംഭരിച്ച പച്ചക്കറികൾ വിതരണം നടത്തും. തിരുവനന്തപുരം ജില്ലയിൽ റസിഡന്റ്സ് അസോസിയേഷനുകൾ മുഖേനയും ഓർഡർ അനുസരിച്ച് പഴം പച്ചക്കറികൾ എത്തിച്ചു നൽകുവാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്തും എറണാകുളത്തും പച്ചക്കറി വിതരണത്തിനായി ഓൺലൈൻ ഡെലിവറി സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

നിലവിൽ വാഴക്കുളം മേഖലയിൽ നിന്നും 20 ടൺ പൈനാപ്പിളും പാലക്കാട് മുതലമടയിൽ നിന്നും അഞ്ച് ടൺ മാങ്ങയും സംഭരിക്കുവാൻ ഹോർട്ടി കോപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിലെ കർഷകരിൽ നിന്നും നേന്ത്രക്കായയും ഇത്തരത്തിൽ സംഭരിച്ച് വിവിധ ജില്ലകളിൽ വിതരണം ചെയ്യും.