തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ ഒറ്റപ്പെട്ടുപോയ മൂവാറ്റുപുഴ സ്വദേശിനിയായ വീട്ടമ്മയ്ക്ക് നേമം ജനമൈത്രി പൊലീസിന്റെ സഹായം. പാപ്പനംകോട് എസ്റ്റേറ്റ് ഹൈസ്‌കൂള്‍ റോഡിലെ ലാല്‍ലൈനിലുള്ള വീട്ടില്‍ ഒറ്റപ്പെട്ടുപോയ ലളിത ദാമോദരനാണ് (70) പൊലീസ് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധനങ്ങളെത്തിച്ചത്. കുറെ നാളുകളായി അടച്ചിട്ടിരുന്ന ഇവിടത്തെ വീട് വൃത്തിയാക്കി ഉടന്‍ നാട്ടിലേയ്ക്ക് പോകാമെന്ന ഉദ്ദേശ്യത്തിലാണ് കോലഞ്ചേരിയില്‍ നിന്നും ലളിത ദാമോദരന്‍ പാപ്പനംകോടെത്തിയത്. ഇവിടെയെത്തി അടുത്ത ദിവസമായപ്പോയേക്കും ലോക്ക് ഡൗണും പിന്നാലെ നിരോധനാജ്ഞയും പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഒഴിഞ്ഞ വീട്ടില്‍ ഒന്നും ചെയ്യനാകാതെ ലളിത ദാമോദരന്‍ ഒറ്റപ്പെട്ടുപോയി. രണ്ട് മൂന്ന് ദിവസം അടുത്തുള്ള ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു. വെള്ളിയാഴ്ച രാവിലെ രോഗബാധിതകൂടിയായ ലളിത ദാമോദരന്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മതിമാന്റെ നേതൃത്വത്തില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍. അഭിലാഷ്, അനില്‍കുമാര്‍ എന്നിവരുടെ സഹായത്തോടെ ഇവര്‍ക്ക് വീട്ടില്‍ ഭക്ഷണം വച്ച് കഴിക്കുന്നതിനുള്ള ഗ്യാസ് സിലിണ്ടറും അടുപ്പും മറ്റ് പാത്രങ്ങളും എത്തിച്ചുകൊടുത്തു.
പാപ്പനംകോട്ടെ കേന്ദ്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആര്‍. നിസ്റ്റിലെ ഉദ്യോഗസ്ഥനായിരുന്നു ലളിതയുടെ ഭര്‍ത്താവ് ദാമോദരന്‍. അദ്ദേഹത്തിന്റെ മരണശേഷമാണ് ഇവര്‍ കോലേഞ്ചരിയിലേയ്ക്ക് പോയത്. അവിടെയുള്ള മകളെയും ഭര്‍ത്താവിനെയും കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും യാത്ര ചെയ്യാനാവത്തതിനാല്‍ കുറച്ചു ദിവസം കൂടി ലളിതയ്ക്ക് ഇവിടെ തന്നെ കഴിയേണ്ടിവരും.