സിംഹങ്ങളുടെ രാജ്ഞി
ലൂബ ഹെലൗ, ഈജിപ്റ്റിലെ ഏറ്റവും പ്രശസ്തയായ വനിതാ ലയൺ ടെയ്മർ അഥവാ സർക്കസിലെ സിംഹങ്ങളുടെ പരിശീലക. 'ദ ക്വീൻ ഒഫ് ലയൺസ് ' എന്നാണ് ഹെലൗ റിംഗിൽ അറിയപ്പെടുന്നത്. നാല് മുതൽ എട്ട് വയസുവരെ പ്രായമുള്ള മൂന്ന് ആൺ മക്കളുടെ അമ്മ കൂടിയാണ് ഹെലൗ. ജോലിയ്ക്ക് ശേഷം ഹെലൗ വീട്ടിലെത്തി അടുക്കളയിൽ കയറും. പിന്നെ മക്കൾക്കിഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരിക്കും. സ്വന്തം കാലിൽ നിൽക്കണമെന്നുള്ള വാശിക്കാരിയാണ് ഹെലൗ. തന്റെ ജോലിയിൽ വിട്ടുവീഴ്ചയില്ല. ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണവുമിതാണ്.
സിംഹങ്ങളും ഹെലൗവിന് സ്വന്തം മക്കളെ പോലെ തന്നെ. ഹെലൗ തന്നെയാണ് സർക്കസിലെ എല്ലാ സിംഹങ്ങൾക്കും ആഹാരം നൽകുന്നത്. ഭക്ഷണം നൽകുമ്പോൾ സ്വന്തം അമ്മയെ നോക്കുന്ന പോലെയാണ് സിംഹങ്ങൾ തന്നെ നോക്കുന്നതെന്ന് ഹെലൗ പറയുന്നു. സിംഹങ്ങളുടെ പരിശീലക വേഷമണിയുന്നതിന് മുമ്പ് കെയ്റോയിലെ ഒരു മാർക്കറ്റിംഗ് സ്ഥാപനത്തിൽ ഹെലൗ ജോലി ചെയ്തിരുന്നു.
ഇതൊക്കെ സിമ്പിളല്ലേ !
ഹെലൗയെ സംബന്ധിച്ച് സിംഹങ്ങളെ മെരുക്കാനുള്ള അടവുകൾ പാരമ്പര്യമായി കിട്ടിയതാണ്. ഈജിപ്റ്റിൽ ആകെ ആറ് വനിതാ ലയൺ ട്രയിനർമാരാണുള്ളത്. ഹെലൗ ഉൾപ്പെടെ അഞ്ചു പേർ ഒരേ കുടുംബത്തിൽപ്പെട്ടവരും. ഒരു നൂറ്റാണ്ട് മുമ്പ് മെഡിറ്ററേനിയൻ കടലിന്റെ തീരത്തുള്ള ദാമിയെറ്റാ നഗരത്തിൽ നിന്നാണ് ഹെലൗയുടെ കുടുംബ ചരിത്രം തുടങ്ങുന്നത്. തുറമുഖനഗമായ ദാമിയെറ്റായിലെത്തിയ ഇറ്റാലിയൻ കലാകാരൻമാരിൽ നിന്നും ഹെലൗയുടെ മുതുമുത്തച്ഛൻ സർക്കസ് അഭ്യാസങ്ങൾ പഠിക്കുകയും അത് തന്റെ മക്കളിലേക്ക് കൈമാറുകയും ചെയ്തു. 1930 കളുടെ തുടക്കത്തിലാണ് ഹെലൗയുടെ കുടുംബം ആദ്യമായി ഒരു സിംഹത്തെ സ്വന്തമാക്കിയത്. 1960കളിൽ ഹെലൗയുടെ കുടുംബം ഈജിപ്റ്റിലെ നാഷണൽ സർക്കസിന്റെ ഭാഗമായി.
ഹെലൗയുടെ മുത്തശ്ശി മഹസീൻ അറബ് ലോകത്തെ ആദ്യത്തെ വനിതാ ലയൺ ട്രെയിനറാണ്. ഹെലൗയുടെ അച്ഛൻ ഇബ്രാഹിനും തൊഴിൽ ഇത് തന്നെ. മൂന്ന് തവണ വിവാഹിതനായ ഇബ്രാഹിമിന് ഏഴ് പെൺമക്കളാണുള്ളത്. സിംഹത്തെ മെരുക്കാനുള്ള വിദ്യകൾ ഇബ്രാഹിം തന്റെ മക്കളിലേക്ക് കൈമാറി. 38കാരിയായ ഹെലൗയും 35 കാരിയായ സഹോദരി ഔസയും പിതാവിന്റെ പാത പിന്തുടർന്നു. ഔസ ഒരു സ്വകാര്യ സർക്കസിലാണ് ജോലി ചെയ്യുന്നത്.
ഇത് ചെറിയ കളിയല്ല
എന്തൊക്കയായാലും സിംഹത്തെ പരിശീലിപ്പിക്കുന്നത് അത്യന്തം അപകടം പിടിച്ച ഒന്നാണ്. ഹെലൗയുടെ മുത്തച്ഛൻ മുഹമ്മദ് നാഷണൽ സർക്കസിലെ ഷോയ്ക്കിടെ 1972ൽ സിംഹത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. എന്നാൽ മുഹമ്മദിന്റെ മരണത്തോടെ ദുഃഖിതനായ സിംഹം ആഹാരം കഴിക്കാൻ വിസമ്മതിക്കുകയും രണ്ടാഴ്ചയ്ക്കുള്ളിൽ മരിക്കുകയും ചെയതു. അതിന് ശേഷം കുറഞ്ഞത് ഏഴ് തവണയെങ്കിലും ഹെലൗയുടെ കുടുംബം സിംഹത്തിന്റെ ആക്രമണം നേരിട്ടിട്ടുണ്ട്. 2015ൽ ഹെലൗയുടെ അമ്മായി ഫത്തേൻ തലനാരിഴയാണ് രക്ഷപ്പെട്ടത്. സിംഹത്തിന്റെ ആക്രമണത്തിൽ ഫത്തേന്റെ ഇടുപ്പെല്ല് തകർന്നിരുന്നു. ഒരു വർഷത്തിന് ശേഷം അലക്സാൻഡ്രിയയിൽ ഒരു പരിശീലകൻ സിംഹത്തിന്റെ ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ ഹെലൗയുടെ സഹോദരി ഔസ ഒരു കടുവയുടെ ആക്രമണം നേരിട്ടു. എന്നാൽ ഹെലൗയ്ക്ക് തന്റെ സുരക്ഷയെ പറ്റി യാതൊരു ആകുലതകളുമില്ല. മനുഷ്യരെക്കാൾ എളുപ്പം സിംഹങ്ങളെ കൈകാര്യം ചെയ്യുന്നതാണെന്ന് ഹെലൗ പറയുന്നു. 6 മാസം പ്രായമുണ്ടായിരുന്ന ഒരു സിംഹക്കുട്ടിയെ ഹെലൗ പരിചരിച്ചിരുന്നു. ഹെലൗയുടെ എട്ട് വയസുള്ള മകനും ഈ സിംഹക്കുട്ടിയുമായി വളരെ അടുപ്പത്തിലാണ്. കുട്ടിയായിരിക്കെ കുടുംബവീട്ടിൽ ഹെലൗ സിംഹക്കുട്ടികൾക്കൊപ്പമാണ് വളർന്നത്.
സമത്വം പിന്നിൽ
സ്ത്രീസമത്വത്തിന്റെ കാര്യത്തിൽ ഈജിപ്റ്റ് ഏറെ പിന്നിലാണ്. 25 ശതമാനം സ്ത്രീകൾ മാത്രമാണ് ജോലിയ്ക്ക് പോകുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ട് അനുസരിച്ച് സ്ത്രീ സമത്വത്തിൽ 153 രാജ്യങ്ങളുടെ പട്ടികയിൽ 134ാം സ്ഥാനമാണ് ഈജിപ്റ്റിന്. പക്ഷേ, ' ലയൺ ടെയ്മിംഗ് ' എന്ന വിദ്യയിൽ ഈജിപ്റ്റിലെ സ്ത്രീകളെ വെല്ലാൻ പാടാണ്. ഈജിപ്റ്റിൽ ശക്തിയുടെയും പ്രതാപത്തിന്റെയും പ്രതീകമാണ് സിംഹം. പുരാതനകാലത്ത് ഫറവോമാർ നൈലിന്റെ തീരത്ത് സിംഹവേട്ടയ്ക്കിറങ്ങുമായിരുന്നു. മനുഷ്യന്റെ ശിരസും സിംഹത്തിന്റെ ഉടലുമായി ഗിസയിലെ പിരമിഡുകളുടെ കാവലായി തലയുയർത്തി നില്ക്കുന്ന ' ഗ്രേറ്റ് സ്ഫിംഗ്സ് ' തന്നെ ഉദാഹരണം. നൂറ്റാണ്ടുകളായി ഈജിപ്റ്റിന്റെ മുഖമുദ്രകളിലൊന്നാണ് ഗ്രേറ്റ് സ്ഫിംഗ്സ്.