പാറശാല: തമിഴ്നാട്ടിൽ മത്സ്യബന്ധനത്തിന് ശേഷം കടലിലൂടെ നീന്തി പൊഴിയൂരിലെത്തിയ എട്ട് മത്സ്യതൊഴിലാളികളെ പൊലീസ് പിടികൂടി. ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ഒരു മാസമായി തമിഴ്നാട്ടിലും മറ്റും മത്സ്യബന്ധനത്തിലേർപ്പെട്ടുവരികയായിരുന്നു പരിത്തിയൂർ സ്വദേശികളായ ഇവർ. കൊറോണ പ്രതിരോധ നടപടികൾ കൂട്ടാക്കാതെ ബോട്ടിലുള്ളവർ ഇവരെ നീന്തി എത്തുവാൻ പാകത്തിൽ തീരത്ത് അടുപ്പിച്ചശേഷം മടങ്ങുകയായിരുന്നു. നീന്തിക്കരയ്ക്കെത്തിയ ഇവരെ നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. പിടിയിലായ മത്സ്യതൊഴിലാളികളെ പൊഴിയൂർ സെന്റ് തോമസ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മറ്റ് സംസ്ഥാനങ്ങളിലും, ജില്ലകളിലും മത്സ്യ ബന്ധനത്തിനായി പോയിരുന്ന 166 തൊഴിലാളികളെ പൊഴിയൂരിലെ വിവിധ സ്കൂളുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്.