തിരുവനന്തപുരം: നെയ്യാറ്റിൻകര മണ്ഡലത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ. സർക്കാരിന്റെ നിർദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ കാര്യങ്ങളിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പോസിറ്റീവ് കേസുകളില്ല
സർക്കാർ പറയുന്നതെന്തെല്ലാം അതൊക്കെ അതേപടി മണ്ഡലത്തിൽ നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ മണ്ഡലത്തിലെ നിലവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. നെയ്യാറ്റിൻകരയിൽ ഒരു മുൻസിപ്പാലിറ്റിയും അഞ്ച് ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. ഇവിടങ്ങളിലായി ആയിരത്തി അഞ്ഞൂറോളം പേർ നിരീക്ഷണത്തിലാണ്. കുറേയേറെ പേർ വിദേശത്ത് നിന്ന് വന്നവരാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും നിരീക്ഷണത്തിലുണ്ട്. ഇതിൽ മൂന്ന് പേർ മാത്രമാണ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുണ്ടായിരുന്നത്. എന്നാൽ അവരുടെ പരിശോധനഫലങ്ങൾ നെഗറ്റീവായതോടെ വേറെ പ്രശ്നങ്ങളൊന്നുമില്ല. മണ്ഡലത്തിലെ പൊഴിയൂരുൾപ്പെടെയുള്ള ചിലഭാഗങ്ങൾ തീരദേശ ഗ്രാമങ്ങളാണ്. ഇവിടെ അന്യ സംസ്ഥാനങ്ങളിൽ മത്സ്യബന്ധനത്തിനായി പോയ 240ഓളം പേർ നിരീക്ഷണത്തിലാണ്. ഇവരെയെല്ലാം പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. യാതൊരു ആശങ്കയുടെയും സാഹചര്യം മണ്ഡലത്തിലില്ല.
സ്പോൺസർമാർ വേണ്ട
മണ്ഡലത്തിൽ ആകെ ആറ് കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്. ഇന്നലെ 1616 പേർക്ക് ആഹാരമെത്തിച്ച് കൊടുത്തു. ദിനംപ്രതി ആഹാരം ആവശ്യമുള്ളവരുടെ എണ്ണം കൂടി വരികയാണ്. കമ്മ്യൂണിറ്റി കിച്ചൺ നടത്താൻ ഫണ്ടില്ലെന്ന് കോവളം എം.എൽ.എ വിൻസന്റ് പറഞ്ഞത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. കമ്മ്യൂണിറ്റി കിച്ചണാവശ്യമായ ഫണ്ട് ഉറപ്പ് വരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഉൾപ്പെടെ സഹായം ഇക്കാര്യത്തിൽ കിട്ടുന്നുമുണ്ട്. കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിന് സ്വകാര്യ സ്പോൺസർമാരെ തേടേണ്ട ആവശ്യമില്ല. കോവളത്ത് സ്വകാര്യ സ്‌പോൺസർമാരെ കണ്ടെത്തി കമ്മ്യൂണിറ്റി കിച്ചൺ നടത്തുന്ന രീതി തന്നെ തെറ്റാണ്
ജനങ്ങൾക്ക് പരിഭ്രാന്തി വേണ്ട
മണ്ഡലത്തിലെ 95 ശതമാനം ജനങ്ങളും സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുന്നുണ്ട്. വാർത്താ മാദ്ധ്യമങ്ങൾ അതിന് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പൊലീസും വളരെ സൗഹാർദപരമായാണ് ജനങ്ങളോട് പെരുമാറുന്നത്. ഒരു നിവൃത്തിയുമില്ലാതെ വരുമ്പോഴാണ് പൊലീസ് പ്രശ്നക്കാരാകുന്നത്. നിലവിൽ മണ്ഡലത്തിൽ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. അവരവർ സ്വയം സൂക്ഷിക്കണമെന്ന ബോധം ജനങ്ങൾക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിലും ആഹാര സാധനങ്ങൾ ജനങ്ങൾക്ക് വീട്ടിൽ എത്തിച്ച് കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.