
വാഷിങ്ടൺ: കൊറോണ വൈറസ് മൂലം അമേരിക്കയിൽ ഏറ്റവും ഉയർന്ന മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ ഇതുവരെ 142,178 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 2,484 പേർ മരിച്ചു.
ഏപ്രിൽ 30 വരെ ജനങ്ങൾ സാമൂഹിക അകലം പാലിക്കൽ തുടരണമെന്നും വൈറസ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
ജൂൺ ഒന്നോടെ കൊറോണ പൂർണമായും നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത് അമേരിക്കയിലാണ്. ന്യൂയോർക്കിൽ മാത്രം 1000 പേരാണ് മരിച്ചത്. കോവിഡിനെ തുടർന്ന് അമേരിക്കയിൽ രണ്ടുലക്ഷം പേർ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഞായറാഴ്ച 756 പേരാണ് ഇവിടെ മരിച്ചത്. കൊറോണ മരണങ്ങൾ ഞായറാഴ്ച ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് സ്‌പെയിനിലാണ്. 24 മണിക്കൂറിനുള്ളിൽ 838 പേരാണ് സ്‌പെയിനിൽ മരിച്ചത്. ഇവിടെ മരിച്ചവരുടെ എണ്ണം 6,803 ആയി.