
പാറശാല: ഫാമിൽ അറവുശാലകളിൽ നിന്നുള്ള മൃഗാവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ച് നാട്ടുകാരെ ശ്വാസം മുട്ടിച്ച സംഭവത്തിൽ നാല് അന്യസംസ്ഥാന തൊഴിലാളികളെ ആര്യങ്കോട് പൊലീസ് പിടികൂടി. ആര്യങ്കോട് കുന്നത്തുകാൽ പഞ്ചായത്തുകളുടെ അതിർത്തിയായ കോവിലുവിള പന്തംപാച്ചിയിൽ ഇന്നലെയായിരുന്നു സംഭവം. മുമ്പ് സ്വകാര്യ വ്യക്തി ഫാം പ്രവർത്തിപ്പിച്ചുവന്ന സ്ഥലമാണ് ഇവിടം.
ഫാമിന്റെ പ്രവർത്തനം നിലച്ചതോടെ പല സ്ഥലങ്ങളിൽ നിന്നായി അറവുശാലകളിലെ അവശിഷ്ടങ്ങൾ ഇവിടെ എത്തിച്ച് തരംതിരിച്ച് ലോറികളിൽ കയറ്റി അയക്കുന്നുണ്ടായിരുന്നു. എന്നാൽ, കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായ സമ്പൂർണ ലോക്ക് ഡൗണിൽ ലോറികൾ വരാതായതോടെ ഇത് നിലച്ചു. അറവ് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടി ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ തീയിട്ടത്. തോലും മാംസവും എല്ലിൻ കഷണങ്ങളും കത്താൻ തുടങ്ങിയതോടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ളവർക്ക് ശ്വാസതടസ്സം കാരണം വീട്ടിലിരിക്കാൻ കഴിയാതെയായി. പരിഭ്രാന്തരായ നാട്ടുകാർ അറിയിച്ചതനുസരിച്ച് ആര്യങ്കോട്ട് പൊലീസും പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി. സ്ഥലത്ത് വൻതോതിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ പൊലിസിന്റെ സാന്നിധ്യത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി.
സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശികളുൾപ്പെടെ 4 തൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തു. ബാലരാമപുരം, വള്ളക്കടവ് സ്വദേശികളായ രണ്ടു പേരാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി ആര്യങ്കോട് പൊലീസ് അറിയിച്ചു.