-bulandshahr

ന്യൂഡൽഹി: കൊറോണക്കാലം മനുഷ്യ സ്നേഹത്തിൻെറയും കാലമാണ്. ജാതിയ്ക്കും മതത്തിനുമൊന്നും മനുഷ്യ സ്നേഹത്തിന് മുന്നിൽ സ്ഥാനമില്ലെന്ന് ബുലന്ദ്ഷഹർ എന്ന ദേശം തെളിയിച്ചു. പശുക്കളെ കൊന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2018 ഡിസംബറിൽ 500 ഓളംപേർ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച് എസ്.എെടക്കം രണ്ട് പേരെ വെടിവച്ച് കൊന്നത് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ്. അവിടെയാണ് സ്നേഹ സന്ദേശത്തിന്റെ ഗാഥ കേൾക്കുന്നത്.

തീർത്തും മനുഷ്യ സ്‌നേഹത്തിൻെറ ഗാഥ. ബുലന്ദ്ഷഹറിൽ രവിശങ്കർ എന്നയാൾ അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചു. രവിശങ്കറിന് മക്കൾ നാല്. രണ്ട് ആൺമക്കളിൽ ഒരാൾ സംസ്ഥാനത്തിന് പുറത്താണ്. ലോക്ക് ഡൗണിനെ തുടർന്ന് ഇയാൾക്ക് എത്താനായില്ല. കൊറോണ ഭീതി മൂലം മറ്റ് ബന്ധുക്കളും എത്തിയില്ല.

പിതാവിന്റ മൃതശരീരം സംസ്‌കരിക്കാൻ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഇളയമകൻ വിഷമിച്ചു. ഇതറിഞ്ഞ സമീപത്തെ മുസ്ലിം യുവാക്കൾ മുന്നോട്ടുവന്നു. അവർ മൃതദേഹം ചുമലിലേറ്റി. രാമനാപം ജപിച്ച് അവർ സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയപ്പോൾ മനുഷ്യ സ്നേഹത്തിന് മുന്നിൽ വേർതിരിവുകളില്ലെന്ന മഹാസന്ദേശം പരക്കുകയായിരുന്നു. ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.