തിരുവനന്തപുരം: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് ഇന്നുതന്നെ പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹായത്തോടെ ഇവർക്ക് ഭക്ഷണം എത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. തൊഴിലാളികൾ താമസിക്കുന്നയിടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയിലെ ലേബർ ഓഫീസർമാരെ ചുമതലപ്പെടുത്തും.തൊഴിലാളികൾക്ക് താമസിക്കാൻ കൂടുതൽ സ്‌കൂളുകളും കല്യാണ മണ്ഡപങ്ങളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
എന്നാൽ, തിരിച്ചു വരുമ്പോൾ ഇപ്പോൾ താമസിക്കുന്ന സ്ഥലങ്ങൾ നഷ്ടമാകുമോ എന്ന എന്ന ഭയത്താൽ ഇവിടേക്ക് താമസം മാറാൻ അവർ മടിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. 73 ഗ്രാമപഞ്ചായത്തുകളിലായി 97 സാമൂഹിക അടുക്കളകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു.