തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സൗജന്യ റേഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. ഏപ്രിൽ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് വരുന്ന രണ്ടുമാസത്തേക്കുള്ളതും സമയബന്ധിതമായി സംഭരിക്കും. കേന്ദ്ര തീരുമാനപ്രകാരം മുൻഗണനാ വിഭാഗങ്ങൾക്കുള്ള അധിക ധാന്യവും സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.മറ്റ്സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വരവ് കുറഞ്ഞത് വെല്ലുവിളിയാണെന്നും അത് മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർശന നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും സൗജന്യ റേഷൻ വിതരണം. ഒരേ സമയം അഞ്ചുപേർ മാത്രം റേഷൻ കടയിൽ എത്തണം. സാമൂഹ്യ അകലം പാലിക്കണം. മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് രാവിലെയാണ് റേഷൻ വിതരണം ചെയ്യുന്നത്. ഉച്ചതിരിഞ്ഞ് മറ്റുവിഭാഗക്കാർക്ക് വിതരണം ചെയ്യും. ഏപ്രിൽ 20ന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റേഷൻ വിതരണം പൂർത്തിയാക്കണം. അതിനു ശേഷമായിരിക്കും കേന്ദ്രം പ്രഖ്യാപിച്ച അരി വിതരണം ചെയ്യും.റേഷൻ കാർഡ് ഇല്ലാത്തവർ ആധാർ കാർഡ് ഉപയോഗിച്ച് അരിവാങ്ങണമെന്നും മന്ത്രി അറിയിച്ചു.