തിരുവനന്തപുരം: മാസാവസാനം ആയതോടെ സംസ്ഥാനത്തെ ബാങ്കുകൾക്ക് മുന്നിൽ വൻ തിരക്ക്. വയോധികരടക്കമുള്ളവരുടെ വൻ നിരയാണ് പല ബാങ്കുകൾക്ക് മുന്നിലുമുള്ളത്. പലയിടത്തും തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസും ബുദ്ധിമുട്ടുകയാണ്. കൊറോണ നിയന്ത്രണങ്ങൾക്കിടെ ആളുകൾ കൂട്ടത്തോടെ ബാങ്കുകളിലേക്ക് എത്തിയത് ബാങ്ക് ജീവനക്കാർക്കും ഇരട്ടിപണിയായി.
ബാങ്കിലേക്ക് വരുന്നവരെ തടയാൻ പലയിടത്തും സംവിധാനമുണ്ടായിരുന്നില്ല. മാസാവസാനം ആണെങ്കിലും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാങ്കുകാർ ഇത്രയും വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല.
ഇതോടെ ബാങ്കുകൾക്കൊപ്പം സംസ്ഥാനസർക്കാരും ആശങ്കയിലായി. ബാങ്കിനകത്ത് കയറിയാൽ സാമൂഹ്യ അകലം പാലിച്ച് കൃത്യമായി മാത്രമേ ആളുകളെ വരിയിൽ നിർത്തുന്നുള്ളൂ എന്നും, ബാങ്കുകൾക്ക് പുറത്ത് ഒന്നും ചെയ്യാനാകുന്നില്ലെന്നും, മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നുമാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെ ബാങ്കുകൾക്ക് മുന്നിൽ തിക്കിത്തിരക്കിയാൽ ബാങ്കുകളും ട്രഷറികളും വഴിയുള്ള പെൻഷൻ വിതരണം നിർത്തി വയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് മുന്നറിയിപ്പ് നൽകി.
ആൾക്കൂട്ടം പാടില്ല, കൃത്യമായ അകലം പാലിക്കണം, കൈ സാനിറ്റൈസർ വഴി ശുചിയാക്കി മാത്രമേ അകത്തേയ്ക്ക് കയറാവൂ എന്നെല്ലാം നേരത്തേ തന്നെ ബാങ്കിലെ ജീവനക്കാർ നിർദേശിച്ചിരുന്നതാണ്. ഇത് പാലിച്ചു കൊണ്ടാണ് ആളുകളെ കയറ്റുന്നതും. അതിനാൽത്തന്നെ ബാങ്കുകളുടെ പുറത്ത് വൻ നിര രൂപപ്പെട്ടു.
ഇവർക്ക് ഏറെ നേരം വെയിലത്ത് നിൽക്കാനാകാത്ത സാഹചര്യവുമുണ്ട്. ചില ബാങ്കുകളെങ്കിലും വയോധികർക്ക് ഇരിക്കാൻ കസേരകൾ നൽകുന്നുണ്ട്. പക്ഷേ തിരക്ക് നിയന്ത്രണാതീതമായി തുടരുമ്പോൾ എന്ത് ചെയ്യുമെന്ന് ബാങ്ക് അധികൃതർക്കും നിശ്ചയമില്ല. വിഷയത്തിൽ ഇന്ന് വൈകിട്ടോടെ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകും.