cash

തിരുവനന്തപുരം: കൊറോണ വ്യാപനവും തുട‌ർന്നുണ്ടായ ലോക്ക് ഡൗൺ പ്രഖ്യാപനവും വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും സാലറി ചലഞ്ചിനൊരുങ്ങുന്നു. എല്ലാ സർക്കാർ ജീവനക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം ഈടാക്കുകയാണ് ലക്ഷ്യം. ഇതു വഴി 2500 കോടി രൂപ സ്വരൂപിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.

2018ലെ പ്രളയക്കാലത്തും ജീവനക്കാരോട് സാലറി ചലഞ്ചിന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ശക്തമായ എതിർപ്പാണ് പ്രതിപക്ഷ സംഘടനകൾ അന്ന് ഉയർത്തിയത്. രണ്ടു ദിവസത്തെ ശമ്പളം നൽകാമെന്നായിരുന്നു ഇവരുടെ നിലപാട്. 57 ശതമാനം പേർ മാത്രമാണ് സാലറി ചാലഞ്ചിൽ പങ്കെടുത്തത്.

എന്നാൽ, ഇത്തവണ സ്ഥിതിഗതികൾ കുറച്ചുകൂടി അനുകൂലമാണെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. സർവീസ് സംഘടനാ നേതാക്കളെ മുഖ്യമന്ത്രി ഒറ്റയ്ക്കൊറ്രയ്ക്ക് കണ്ടപ്പോൾ ആരും കാര്യമായ എതിർപ്പ് അറിയിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

എല്ലാ തരം വായ്പകളെയും റിസർവ് ബാങ്ക് മൂന്നുമാസത്തെ തിരിച്ചടവിൽ നിന്ന് ഒഴിവാക്കിയത് അനുകൂല ഘടകമായും കണക്കാക്കുന്നു.

കഴിഞ്ഞ തവണത്തെപ്പോലെ പെൻഷൻകാരെ ഇത്തവണയും സാലറി ചലഞ്ചിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.

അതേസമയം ചലഞ്ച് വേണ്ട, സംഭാവന നൽകാം എന്ന നിലപാടിലാണ് കോൺഗ്രസ് അനുകൂല എൻ.ജി.ഒ അസോസിയേഷൻ. ഇക്കാര്യം അവർ മുഖ്യമന്ത്രിയോട് നേരിട്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ചലഞ്ചിന് പ്രേരിപ്പിക്കുന്നത്

 കൊറോണ പ്രതിരോധത്തിന് പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജ്.

 ക്ഷേമപെൻഷൻ കുടിശ്ശിക വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് കടംവാങ്ങിയ 1200 കോടി രൂപ.

 ആശ്വാസനടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഉത്പന്ന വിതരണം.

'ജീവനക്കാർ അവർക്കാവുന്നത് സംഭാവന ചെയ്യും. തുക ഇങ്ങോട്ട് പറയരുത്.'

- കെ. എ. മാത്യു,

ജനറൽ സെക്രട്ടറി, എൻ.ജി.ഒ അസോ.

'ജീവനക്കാർ സർവാത്മനാ സഹകരിക്കും.'

- വി.യു. മാത്തുക്കുട്ടി,

ജനറൽ സെക്രട്ടറി , എൻ.ജി.ഒ യൂണിയൻ