kerala-govt

കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സർക്കാർ എടുത്ത പല നടപടികളും പിന്നീട് ഭാരത സർക്കാർ തന്നെ മാതൃകയായി സ്വീകരിച്ചവയാണ്. മുപ്പത് ലക്ഷത്തോളം പ്രവാസികളുള്ള നാടായതിനാൽ കൊറോണ സൃഷ്ടിക്കാനിടയുള്ള കൊടിയ വിപത്തിന്റെ തോത് മുൻകൂട്ടി കണ്ടാണ് സൗജന്യ റേഷനും സഹായധനവും മറ്റും സർക്കാർ മുൻകൂട്ടി പ്രഖ്യാപിച്ചത്. രാജ്യം 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചതിനു ശേഷം പിണറായി സർക്കാർ കൈക്കൊണ്ട ഏറ്റവും അഭിനന്ദനം അർഹിക്കുന്ന നടപടി കമ്മ്യൂണിറ്റി കിച്ചണുകൾ തുറന്ന തീരുമാനമാണ്. ഇതിനായി കേരളത്തിലെ 900-ൽ ഏറെ വരുന്ന പഞ്ചായത്തുകളിലെ ഓരോ വാർഡിൽ നിന്നും അംഗൻവാടി ജീവനക്കാർ അടിയന്തരമായി ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റെടുത്തു.

ആ ലിസ്റ്റ് പ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നും ആവശ്യമായ മുൻകരുതലുകളോടെ സ്കൂട്ടറിലും മറ്റും സന്നദ്ധ സേവാംഗങ്ങൾ വീടുകളിൽ ഭക്ഷണം എത്തിക്കുന്നത്. പ്രായമായവർ ഒറ്റപ്പെട്ട് കഴിയുന്ന വീടുകൾക്കാണ് മുന്തിയ പരിഗണന നൽകിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയാക്കാവുന്ന ഒരു നടപടിയായി അത് മാറിയിരിക്കുന്നു. നല്ല വെന്ത ചോറും ഇലക്കറികളും രസവും സാമ്പാറും മറ്റും അടങ്ങിയ ഒന്നാന്തരം ഊണു പൊതിയാണ് നൽകുന്നത്. ഇത് 21 ദിവസവും തുടരുമെന്നും വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ സ്ഥിരമായി ആഹാരം ലഭിക്കുന്ന കുടുംബങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ പോലും പുറത്ത് പോകേണ്ടിവരുന്നില്ല. മാത്രമല്ല, പട്ടണങ്ങളിൽ കഴിയുന്ന മക്കളെ വിളിച്ച് ഗ്രാമങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധരായ മാതാപിതാക്കൾ 'മക്കളെ....... ചോറ് കിട്ടി" എന്ന് അറിയിക്കുന്നുമുണ്ട്.

ഞങ്ങളെ നോക്കാൻ ഇവിടെ ഒരു സർക്കാർ ഉണ്ട് എന്ന അതിശക്തമായ തോന്നൽ സൃഷ്ടിക്കാൻ കമ്മ്യൂണിറ്റി കിച്ചണുകൾ ഇടയാക്കിയിരിക്കുന്നു. സർക്കാരിന് സൽപ്പേര് നൽകുന്ന ഈ പദ്ധതിയുടെ നല്ല നടത്തിപ്പിൽ രാഷ്ട്രീയമായും അല്ലാതെയും അസൂയയും ആശങ്കയുമുള്ളവർ നാട്ടിലുണ്ടെന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാവുന്നതുമാണ്. അതിനാൽ ചെറിയ വീഴ്ചകൾ കുത്തിപ്പൊക്കി വലിയ സംഭവമാക്കി സർക്കാരിന്റെ യശസ് തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകും. ഇത് മുൻകൂട്ടി കണ്ട് എവിടെയെങ്കിലും വീഴ്ചയുണ്ടെങ്കിൽ അപ്പപ്പോൾ തന്നെ അതു പരിഹരിക്കുന്നതിന് സത്വര നടപടികൾ ഉണ്ടാകണമെങ്കിൽ ആദ്യം ശക്തിപ്പെടുത്തേണ്ടത് പൊലീസിന്റെ ഇന്റലിജൻസ് സംവിധാനമാണ്. അതിൽ വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കുന്നതാണ് അന്യദേശ തൊഴിലാളികൾ പ്രക്ഷോഭവവുമായി തെരുവിൽ ഇറങ്ങിയ പായിപ്പാട്ടെ പ്രതിഷേധം.

20 മിനിട്ടുകൊണ്ടാണ് മൂവായിരത്തിലേറെ തൊഴിലാളികൾ നിയമം ലംഘിച്ച് മുദ്രാവാക്യങ്ങളുമായി എത്തിയത്. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികളാണ് ഇതിനു പിന്നിലെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിക്കുകയും ചെയ്തു. സർക്കാർ വിചാരിച്ചാൽ നാട്ടിലേക്ക് എത്തിക്കാമെന്ന വ്യാമോഹം അന്യദേശ തൊഴിലാളികൾക്കിടയിൽ ഉണർത്തി വാട്സ് ആപ്പ് സന്ദേശങ്ങൾ അയയ്ക്കുകയും അതിനു പിന്നാലെ ക്യാമ്പിൽ എത്തിയ ഒരു സംഘം തൊഴിലാളികളെ ഭക്ഷണം കിട്ടുന്നില്ലെന്നതുൾപ്പെടെ പറഞ്ഞ് പഠിപ്പിച്ച് തെരുവിലിറക്കുകയുമായിരുന്നു. ജോലി നഷ്ടപ്പെട്ട് അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്താൻ കഴിയുമെന്ന ഒരു സാദ്ധ്യത തുറന്നുകിട്ടിയാൽ മറ്റെല്ലാം മറന്ന് അവർ അതിൽ ആകൃഷ്ടരാകും. എന്നാൽ ഇതൊരു ചതിയാണെന്ന് അറിയുകയുമില്ല.

ഇവരെ ഇവിടെ നിന്ന് ഒഴിവാക്കുന്നതിലൂടെ ലാഭം വരുന്ന കരാറുകാരും വാടകക്കാരും ഇത് ആളിക്കത്തിക്കാൻ ഇടനിലക്കാരായി നിൽക്കാനും സാദ്ധ്യതയുണ്ട്. അന്വേഷണത്തിലൂടെ ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി കർശനമായ നിയമ നടപടി സ്വീകരിക്കണം. അതോടൊപ്പം സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിഹരിക്കണം. തദ്ദേശ വകുപ്പിന്റെ ഏകോപനത്തിൽ ചില വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചില പഞ്ചായത്ത് സെക്രട്ടറിമാർ അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷണത്തിന്റെ പൂർണ ഉത്തരവാദിത്വം കരാറുകാർക്കാണെന്ന് കാണിച്ച് ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. കരാറുകാരന് മാത്രമായി ഇത്തരം അസാധാരണ സാഹചര്യത്തിൽ അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല. തദ്ദേശ സ്ഥാപനങ്ങൾ തന്നെ ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണം.

കരാറുകാരൻ രംഗത്തുനിന്ന് മാറി സർക്കാർ ഉദ്യോഗസ്ഥന്മാർ രംഗത്ത് വരുമ്പോൾ തന്നെ അന്യദേശ തൊഴിലാളികളുടെ ഭീതി മാറും. കാരണം കരാറുകാരന്റെ വാക്കുകൾ ഏതു സമയവും ലംഘിക്കപ്പെടുമെന്ന് അവർ അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുള്ളതാണ്. മാത്രമല്ല കരാറുകാരൻ തൊഴിൽ വകുപ്പിന് നൽകിയ ലിസ്റ്റിൽ നൂറ് തൊഴിലാളികളുടെ പേരുണ്ടെങ്കിൽ അനൗദ്യോഗികമായി ഇരുനൂറ് പേരെങ്കിലും കാണും. ലിസ്റ്റിലില്ലാത്തവരുടെ കാര്യം ആര് നോക്കും. അതാണ് സർക്കാർ തന്നെ മുൻകൈ എടുത്ത് അവരുടെ സുരക്ഷയും ഭക്ഷണവും ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നതിന്റെ അടിസ്ഥാനം.

അന്യദേശ തൊഴിലാളികളിൽ ഭൂരിപക്ഷവും കരിഞ്ചന്തകളിൽ നിന്നാണ് ഗ്യാസും മറ്റും സംഘടിപ്പിക്കുന്നത്. അതൊന്നും ഇപ്പോൾ കിട്ടാതാവും. സാധനങ്ങൾ നൽകിയാൽ അവർ തന്നെ ഭക്ഷണം പാചകം ചെയ്യുന്ന കിച്ചണുകൾ ഉണ്ടാകും. മാത്രമല്ല ഇവരുടെ പാഴാകുന്ന സമയം മാസ്ക് നിർമ്മാണം തുടങ്ങിയ ക്രിയാത്മകമായ കാര്യങ്ങളിലേക്ക് തിരിച്ച് വിടാനും സർക്കാർ ശ്രദ്ധിക്കണം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇവർ സംഘടിതരായി കഴിയുന്ന ക്യാമ്പുകളുണ്ട്. അവിടെയും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്ക് പൊതുജനങ്ങൾ എല്ലാവിധ പിന്തുണയും നൽകണം. പായിപ്പാട്ട് സംഭവം കൈവിട്ട് പോകാതെ നിയന്ത്രിച്ച ജില്ലാ ഭരണാധികാരികളും പൊലീസ് മേധാവികളും പ്രത്യേകം അഭിനന്ദനം അർഹിക്കുകയും ചെയ്യുന്നു.അതേസമയം പുര കത്തുന്നതിനിടെ വാഴവെട്ടാൻ ശ്രമിക്കുന്നവരെ കണ്ടെത്തി ജയിലിലാണ് ക്വാറന്റയിനിൽ പാർപ്പിക്കേണ്ടത്.