കല്ലമ്പലം:ലോക്ക് ഡൗൺ ലംഘിച്ചതിന് ഇരുപതോളം ബൈക്കുകൾ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.വാഹനം ഓടിച്ചവർക്കെതിരെയും കേസെടുത്തതായി എസ്.ഐ വി.നിജാം അറിയിച്ചു.ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് നടത്തുന്ന 24 മണിക്കൂർ വാഹന പരിശോധന തുടരുകയാണ്.നിയമം ലംഘിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി പൊലീസ് പറഞ്ഞു.എന്നാൽ മറ്റ് ജില്ലകളിൽ നിന്നും എത്തുന്നവരെ നിരീക്ഷണത്തിലാക്കുന്നതിന് ജില്ലയിൽ വേണ്ട സജീകരണങ്ങൾ ഒരുക്കിയതായും ആരോഗ്യ വിഭാഗം അറിയിച്ചു.കടകളിൽ രാവിലെ തിരക്കനുഭവപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൃത്യമായ അകലം പാലിക്കാത്തവർക്കെതിരെയും നിയമ ലംഘനം നടത്തുന്ന കച്ചവടക്കാർക്കെതിരെയും കേസെടുക്കാനും നീക്കമുണ്ട്. കഴിഞ്ഞ ദിവസം കടമ്പാട്ടുകോണത്ത് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകിന്റെ നേതൃത്വത്തിൽ വാഹനപരിശോധന കർശനമാക്കിയിരുന്നു.പള്ളിക്കലിൽ ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്ത 13 പേർക്കെതിരെയും നിയമലംഘനം നടത്തിയ കടയുടമകൾക്കെതിരെയും കേസെടുത്തു.