ദോഹ: ഖത്തറിൽ 44 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മൂന്ന് പേർകൂടി രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത് ആകെ 48 പേരാണ്. ആകെരോഗികൾ 634 ആയി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ തിരിച്ചെത്തിയ ആളുകളുമായി ബന്ധമുള്ളവരാണ് പുതുതായി രോഗം ബാധിച്ച ചിലർ.
സൗദിയിൽ വിമാന വിലക്ക് നീട്ടി
സൗദിയിൽ രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി. യു.എ.ഇയിൽ രാത്രി 8 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടാഴ്ചത്തേക്കു നിറുത്തിവച്ച രാജ്യാന്തര അഭ്യന്തര വിമാന സർവീസുകൾ അടക്കമുള്ള യാത്രാവിലക്കുകൾ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിൽ നിയന്ത്രണങ്ങളും തുടരും. ട്രെയിൻ, ബസ്, ടാക്സി എന്നിവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തരുതെന്നു അധികൃതർ നിർദേശിച്ചു.
റിയാദ്, മക്ക, മദീന, ഇവയ്‌ക്കൊപ്പം ജിദ്ദയിലും കർഫ്യൂ വൈകിട്ട് 3 നു തുടങ്ങും. മദീനയിൽ ഹറമിനോട് ചേർന്ന ആറ് ജില്ലകളിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തി. യു.എ.ഇയിൽ ഏപ്രിൽ 5 വരെ രാത്രി 8 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങുന്നവർക്കു കടുത്ത പിഴ ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ്.