റിയോ ഡി ജനീറോ: ക്വാറന്റൈൻ നടപടികളെ ചോദ്യം ചെയ്ത ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൾസൊനാരോയുടെ രണ്ട് ട്വീറ്റുകൾ സാമൂഹ്യ മാദ്ധ്യമങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിനാൽ ട്വിറ്റർ നീക്കംചെയ്തു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചാൽ ട്വിറ്റർ നടപടിയെടുക്കാറുണ്ട്.
രാജ്യത്തെ തെരുവുകളിൽ ജനങ്ങളോട് താൻ സംസാരിക്കുന്നതിന്റെ വീഡിയോകൾ പ്രസിഡന്റ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ക്വാറന്റൈൻ നടപടികളേക്കാൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് നയിക്കുന്നതിൽ ശ്രദ്ധ വേണമെന്ന പരാമർശത്തോടെയുള്ളതായിരുന്നു വീഡിയോകൾ. ഇതിൽ രണ്ടെണ്ണമാണ് നീക്കം ചെയ്തത്.
നീക്കം ചെയ്ത വീഡിയോയിൽ ഒന്നിൽ ബ്രസീലിലെ ചില സംസ്ഥാനങ്ങളിൽ ഗവർണർമാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നടപടികളെ പ്രസിഡന്റ് ചോദ്യംചെയ്യുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.