root-map

പോത്തൻകോട് : കഴിഞ്ഞ ദിവസം കൊറോണ സ്ഥീരികരിച്ച പോത്തൻകോട് സ്വദേശിയുടെ നില അതീവഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷനിൽ കഴിയുന്ന ഇയാൾക്ക് ന്യൂമോണിയ കൂടി പിടിപെട്ടതാണ് നില വഷളാകാൻ കാരണം. പോത്തൻകോട് വാവറമ്പലം കൊച്ചാലുംമൂട്ടിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. മാർച്ച് 18 ന് പനിയും ജലദോഷത്തെയും തുടർന്ന് പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. അന്ന് പരിശോധിച്ച ഡോക്ടർ അഞ്ച് ദിവസേക്ക് പനിക്കുള്ള മരുന്നു നൽകി വീട്ടിലേക്ക് അയച്ചു. പനി കുറയാത്തതിനെ തുടർന്ന് 23ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൊറോണയുടെ പശ്ചാത്തലത്തിൽ ആശുപത്രി അധികൃതർ ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 23ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതിനിടെ ഇയാൾക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഐസൊലേഷൻ ഐ.സി.യുവിലേക്ക് മാറ്റി. ഇതിനിടെ രണ്ടാമെത്തെ പരിശോധനയിലാണ് കൊറോണ പോസിറ്റീവായത്. കൊറോണ സ്ഥിരീകരിച്ചതോടെ ആദ്യം ഇയാൾ ചികിത്സതേടിയ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രം അടച്ചു. കുടുംബാംഗങ്ങളെ നിരീഷണത്തിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇയാളെ ചികിത്സിച്ച ഏഴ് പി.ജി ഡോക്ടർമാരും ഏഴ് ഹൗസ് സർജൻമാരും നഴ്‌സുമാരുൾപ്പെടെ 10 ഓളം ആശുപത്രി ജീവനക്കാരെയും നിരീഷണത്തിലാക്കി. ആരിൽ നിന്നാണ് ഇയാൾക്ക് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. അടുത്ത കാലത്തൊന്നും ദൂരയാത്രകൾ നടത്തിയിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. അതേസമയം ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്നലെ പുറത്തിറക്കി.